ഗജറാണി ശ്രീദേവി ശ്രീലകത്തിന് ഗജപത്മ പുരസ്കാരം നൽകി

കൊയിലാണ്ടി: മലബാറിലെ പൂരപറമ്പുകളിൽ ശ്രദ്ധേയയായ ഗജറാണി ശ്രീദേവി ശ്രീലകത്തിന് ഗജപത്മ പുരസ്കാരം നൽകി ആദരിച്ചു. മനയിടത്ത് പറമ്പ് അന്നപൂർണേശ്വരി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു ചടങ്ങ്. ഗജപത്മ പുരസ്കാര ചടങ്ങിൽ നൂറ് കണക്കിന് ആന പ്രേമികളും ഭക്തജനങ്ങളും സാക്ഷ്യം വഹിച്ചു.
കൊരയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആടയാഭരണങ്ങൾ അണിയിച്ച് ഘോഷയാത്രയോടെ മനയിടത്ത് പറമ്പിൽ ക്ഷേത്രത്തിലെക്ക് ആനയിച്ചു. തുടർന്ന് പരവതാനി വിരിച്ച് ശ്രീദേവിയെ സ്വീകരിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദമായി മലമ്പാറിന്റെ ഗജറാണിയായ ശ്രീദേവി കൊല്ലം പിഷാരികാവ്, കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രം, പയറ്റു വളപ്പിൽ ക്ഷേത്രം തുടങ്ങി മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിലെ ദേവൻമാരുടെയും ദേവിമാരുടെയും തിടമ്പേറ്റുന്നത്.

രണ്ട് വർഷം മുമ്പാണ് പയറ്റുവളപ്പിൽ ക്ഷേത്ര കമ്മിറ്റി ശ്രീദേവിക്ക് ഗജറാണി പട്ടം നൽകിയത്. കളിപ്പൂരയിൽ ശ്രീലകത്ത് കെ.പി.രവീന്ദ്രനാണ് ശ്രീദേവിയുടെ ഉടമ.

