KOYILANDY DIARY.COM

The Perfect News Portal

ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനം; മന്ത്രി വീണ ജോർജ്

ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ പകരാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം. സംസ്ഥാനത്ത് ചെറിയ തോതില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. കോവിഡിന് സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ അധികൃതര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മാസ്‌ക് ധരിക്കുന്നതാണ്. ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാന്‍ സഹായിക്കും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ക്യാമ്പുകളില്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള വിഭാഗക്കാര്‍ ഏറെ ശ്രദ്ധിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം. ആര്‍ക്കെങ്കിലും കോവിഡ് കണ്ടെത്തിയാല്‍ പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ഉറപ്പാക്കണം.

 

പ്രദേശത്തുള്ള ആശുപത്രിയിലെ മെഡിക്കല്‍ സംഘം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യമായവര്‍ക്ക് ചികിത്സ ലഭ്യമാക്കണം. മരുന്നുകളുടെ ലഭ്യത എല്ലായിടത്തും ഉറപ്പാക്കണം. സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്പിലുള്ളവരും ഉള്‍പ്പെടെ മലിനജലവുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ നല്‍കേണ്ടതാണ്.

Advertisements

 

മഴ തുടരുന്നതിനാല്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്. പകര്‍ച്ചവ്യാധിയുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതാണ്. ക്യാമ്പുകളുടെ പരിസരം കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം. മാലിന്യങ്ങള്‍ വലിച്ചെറിയരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. അവബോധം ശക്തിപ്പെടുത്തണം.

 

ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വീടും പരിസരവും ശുചിയാക്കണം. കിണര്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളൂ. പാമ്പ് കടിയേല്‍ക്കാതിരിക്കാനും ഇലക്ട്രിക് ഉപകരണങ്ങളില്‍ നിന്നും ഷോക്ക് ഏല്‍ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

Share news