വേടനെ ജാതീയമായി അധിക്ഷേപിച്ച കേസരി പത്രാധിപർ എൻ.ആർ. മധു പൊലീസിന് മുമ്പാകെ ഹാജരാകും

വേടനെ ജാതീയമായി അധിക്ഷേപിച്ച കേസരി പത്രാധിപർ എൻ.ആർ. മധു പൊലീസിന് മുമ്പാകെ ഹാജരാകും. പോലീസ് നോട്ടീസ് പ്രകാരം ആണ് കിഴക്കേകല്ലട പൊലീസ് സ്റ്റേഷനിൽ ഹാജരാവുക. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി പരാതി നൽകിയിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്‌തതിന് ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരമാണ് കേസ്. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കേസരി വാരിക മുഖ്യപത്രാധിപർ ഡോ. എൻ ആർ മധു പറഞ്ഞത്. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനവാദികളെന്നും മധു പറഞ്ഞു.

വേടന്റെ പാട്ട് ജാതി ഭീകരവാദം പ്രകടിപ്പിക്കുന്ന സാഹിത്യത്തെ വളർന്നു വരുന്ന തലമുറയെ മനസിലേക്ക് വിഷം കുത്തിവയ്ക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണ്. വേടന്റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികൾ ഉണ്ട്. അത് സൂക്ഷ്മമായി പഠിച്ചാൽ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ടെന്ന് കൃത്യമാണ്. അത്തരം കലാഭാസങ്ങളെ നാലമ്പലങ്ങളിൽ കടന്ന് വരുന്നത്. ചെറുത്ത് തോൽപ്പിക്കണം. വേടന്റെ പാട്ടിന് ആള് കൂടാൻ പാട്ട് വയ്ക്കുന്നവർ അമ്പല പറമ്പിൽ ക്യാബറയും വെയ്ക്കും എന്നുമാണ് അദ്ദേഹം പറഞ്ഞത്.

