കെഎസ്‌ആർടിസിയിൽ യാത്രാ ടിക്കറ്റിന് ശനിയാഴ്ച മുതൽ ഡിജിറ്റൽ പേമെന്റ്

തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ യാത്രാ ടിക്കറ്റിന് ശനിയാഴ്ച മുതൽ ഡിജിറ്റൽ പേമെന്റ്. ട്രാവൽ കാർഡ്, യുപിഐ, ഡെബിറ്റ് കാർഡ് എന്നിവ വഴി പണം നൽകാം. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിലവിലുള്ള സംവിധാനമാണ് എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുന്നത്.

തിരുവനന്തപുരം സിറ്റിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചത്. ട്രാവൽകാർഡ് എന്റെ കേരളം പ്രദർശനത്തിൽ വിൽക്കുന്നുണ്ട്. കാർഡിന് 100 രൂപയാണ് വില. പിന്നീട് റീചാർജ് ചെയ്യാം. ഡിപ്പോകളിൽ ട്രാവൽകാർഡ് ലഭിക്കും. ഡിജിറ്റൽ പേമെന്റ് വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും. പണം നൽകി ടിക്കറ്റ് എടുക്കാവുന്ന രീതിയും തുടരും. സ്വിഫ്‌റ്റ് ബസുകളിലും കാർഡ് ഉപയോഗിക്കാം.

