കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

കൊടുവള്ളിയിൽ അനൂസ് റോഷനെന്ന യുവാവിനെ തട്ടി കൊണ്ടു പോയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ സംഘത്തിന് സഹായം നൽകിയ രണ്ട് പേരാണ് പിടിയിലായത്. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ് വാൻ (22), അനസ് (24) എന്നിവരാണ് പിടിയിലായത്. അനൂസ് റോഷനെ കണ്ടെത്താനായി കർണ്ണാടകയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ക്വട്ടേഷൻ സംഘത്തിന് സഹായം നൽകിയ രണ്ട് പേര് പൊലീസിൻ്റെ പിടിയിലായത്.

അതേസമയം പ്രതികൾ എന്ന് സംശയിക്കുന്നവരുടെ വിവരങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഷബീർ, ജാഫർ, നിയാസ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടത്. KL 10BA 9794 മാരുതി സ്വിഫ്റ്റ് കാറിനെക്കുറിച്ചും KL20Q8164 സ്കൂട്ടറിനെ കുറിച്ചും വിവരം ലഭിക്കുന്നവർ കൊടുവള്ളി പൊലീസിനെ അറിയിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.

കാണാതായ അനൂസ് റോഷനെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമമാണ് പൊലിസ് നടത്തുന്നത്. പ്രത്യേക സംഘം രുപകരിച്ചാണ് അന്വേഷണം നടക്കുന്നത്. അനുസ് റോഷൻ്റെ സഹോദരൻ അജ്മലുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകൾ എല്ലാം അന്വേഷണ പരിധിയിൽ ഉണ്ട്.

