മൂടാടിയിൽ മാലിന്യ സംസ്കരണത്തിന് നൂതന സംവിധാനങ്ങൾ

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ ഖരമാലിന്യ സംസ്കരണത്തിനായി തയാറാക്കി പുതിയ സംവിധാനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കണ്ടെയിനർ എം.സി.എഫുകളാണ് ഇതിൽ പ്രാധാനപ്പെട്ടത്. 9.5 ലക്ഷം രൂപയിൽ 4 കണ്ടെയിനർ എം.സി. എഫുകളിൽ ഹരിതകർമസേന സംഭരിക്കുന്ന പാഴ് വസ്തുക്കൾ വെയിലും മഴയും കൊള്ളാതെ സൂക്ഷിക്കാൻ സാധിക്കും. ചരക്ക് കപ്പലുകളിൽ ഉപയോഗിക്കുന്ന കണ്ടെയ്നറുകൾ ആവശ്യം കഴിഞ്ഞവയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെ അപേക്ഷ പരിഗണിച്ച് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിലൂടെ സ്ഥാപിച്ച മിനി എം.സി.എഫുകളാണ് മറ്റൊന്ന്. തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിക്കുന്ന മിനി എം.സിഎഫുകളുടെ വിസ്തൃതി തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്ന സർക്കാർ ഉത്തരവിൽ കേരളത്തിൽ ആദ്യമായി മൂടാടി പഞ്ചായത്തിലാണ് മിനി.എം. സി.എഫ് സ്ഥാപിച്ചത്. ഹരിതകർമസേന ശേഖരിക്കുന്ന പാഴ് വസ്തുക്കൾ വഴിയരികിൽ കൂട്ടിയിടുന്നതിന് ശാശ്വത പരിഹാരം കാണാൻ മിനി എം.സി എഫുകളിൽ കൂടി സാധിക്കും. എല്ലാ വാർഡുകളിലും മിനി എം.സി.എഫുകൾ സ്ഥാപിച്ച് വരികയാണ്. ഹരിത കർമസേനക്കായി വാങ്ങിയ രണ്ടാമത്തെ ഇലക്ട്രിക് ഗുഡ്സിൻ്റെ താക്കോൽ ദാനം ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ രാകേഷ് KAS നടത്തി.
ചടങ്ങിൽ പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ടി. ഗിരീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. മോഹനൻ, ടി. കെ. ഭാസ്കരൻ എം.പി, അഖില മെമ്പർമാരായ പപ്പൻ മൂടാടി, പി.പി. കരീം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി സ്വാഗതവും സെക്രട്ടറി ജിജി നന്ദിയും പറഞ്ഞു.
