കോഴിക്കോട് തീപിടുത്തം; കാലിക്കറ്റ് ടെക്സ്റ്റെയിൽസിന് ഫയർ NOC ഉണ്ടായിരുന്നില്ല

തീപിടുത്തമുണ്ടായ കാലിക്കറ്റ് ടെക്സ്റ്റെയിൽസിന് ഫയർ എൻഒസി ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയർ ഓഫിസർ കെ. എം. അഷറഫ് അലി. തീപിടുത്തത്തിൽ ദുരൂഹതയുള്ളതായി പ്രാഥമികമായി കണ്ടെത്താനായിട്ടില്ല. ഫോറൻസിക് വിഭാഗമാണ് വ്യക്തത വരുത്തേണ്ടതെന്നും ജില്ലാ ഫയർ ഓഫിസർ പറഞ്ഞു. ഫയർ ഫോഴ്സിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അദേഹം പറഞ്ഞു.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ സ്റ്റാൻഡിലെ വ്യാപാരശാലയ്ക്ക് തീപിടിച്ചത്. ഏഴു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. നിലവിൽ ഈ തീപിടുത്തത്തിൽ ദുരുഹത ഇല്ലെന്നാണ് പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട്. അതേ സമയം വിദഗ്ധ സംഘത്തിൻ്റെ പരിശോധന തുടരുകയാണ്.

വസ്ത്ര വ്യാപാരശാലയുടെ പങ്കാളികൾ തമ്മിൽ രണ്ടാഴ്ച മുൻപ് തർക്കം ഉണ്ടായിരുന്നു. ഉടമ മുകുന്ദന പാർട്ണറായ പ്രകാശൻ ആക്രമിച്ചിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട മറ്റൊരു തർക്കവും പാർട്ണർമാർ തമ്മിലുണ്ടായിരുന്നു ഇതുൾപ്പെടെ കസബ പൊലിസ് രജിസ്റർ ചെയ്ത കേസിൽ അന്വേഷിക്കുന്നുണ്ട്.

