മണ്ണന്തലയിൽ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

പേരൂർക്കട: മണ്ണന്തലയിൽ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാചകവാതകം ചോർന്ന് തീപിടിച്ചാണെന്നു പോലീസ് നിഗമനം. ഇന്നു പുലർച്ചെ ഏഴിന് മണ്ണന്തല പോലീസ് സ്റ്റേഷനുസമീപത്തെ വീട്ടിലായിരുന്നു അത്യാഹിതം. മണ്ണന്തല പ്രണവം നഗർ വേലായുധ വിലാസത്തിൽ ശാന്തകുമാരിയമ്മ (65) ആണ് മരിച്ചത്.
ഒറ്റനില വീടിന്റെ അടുക്കള ഭാഗത്ത് പാചകവാതക സിലിൻഡറിൽ തീപിടിച്ചാണ് അത്യാഹിതമുണ്ടായതെന്നു മണ്ണന്തല പോലീസ് പറഞ്ഞു. മകൾ സുജയുമൊത്താണ് ശാന്തകുമാരിയമ്മ താമസിച്ചുവന്നിരുന്നത്. കുട്ടിയെ സ്കൂളിൽ വിടുന്നതിന് മകൾ പോയി തിരികെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഭർത്താവ്: പരേതനായ ശശിധരൻ നായർ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

