യുവാക്കളിൽ നിന്ന് ലഹരി ഗുളികകൾ പിടിച്ചെടുത്തു

കൊയിലാണ്ടി: ലഹരിക്ക് ഉപയോഗിക്കുന്ന ടാബ് ലറ്റുകളുമായി രണ്ടു യുവാക്കളെ കൊയിലാണ്ടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെങ്ങോട്ടുകാവ്, എടക്കുളം മാളിയേക്കൽ വീട്ടിൽ മുൻഷീദ് (19), കോഴിക്കോട് വെസ്റ്റ്ഹിൽ കലക്ടർ ബംഗ്ലാവിനു സമീപം വസന്ത് നിവാസിൽ നിമേഷ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നിട്രാസെൻ, നി ട്രാസെൻ 10, ഇനത്തിൽ പ്പെട്ട 436 ടാബ് ലറ്റുകൾ എക്സൈസ് സംഘം കണ്ടെടുത്തു.
മെഡിക്കൽ ഷാപ്പുകളിൽ ഡോക്ടറുടെ കുറിപ്പ് ഉണ്ടെങ്കിൽ മാത്രമെ ഇവ ലഭിക്കുകയുള്ളു. പോണ്ടിച്ചേരിയിൽ നിന്നാണ് ഇവർ ടാബ് ലറ്റുകൾ വാങ്ങിയതെന്ന് പറയുന്നു. 40 രൂപ വിലയുള്ള ടാബ് ലറ്റിന് 140 രൂപയ്ക്കാണ് ഇവർക്ക് ലഭിച്ചത്. ഒരു സ്ട്രിപ്പിന് 500 രൂപയ്ക്കാണ് ഇവർ വിൽക്കുന്നത്. ആവശ്യക്കാർ ഫോൺ മുഖേനെ വിളിച്ചാണ് വിൽപ്പന നടത്തുന്നത്. കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാഴ്ചയോളം നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്.

കൊയിലാണ്ടിയിലെ കോളേജ് വിദ്വാർത്ഥികളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ വിദ്യാർത്ഥികളിൽ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് കൊയിലാണ്ടിയിൽ ഇവരെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ പി.സജിത്ത് കുമാറിനെ കൂടാതെ പ്രിവന്റീവ് ഓഫീസർ കെ.സി.കരുണൻ, സി. ഇ .ഒ മാരായ എൻ. അജയകുമാർ, ടി. ഷിജു, കെ. മധുസൂദനൻ, ഡ്രൈവർ പി.വിനീഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.

