താമരശ്ശേരിയിൽ ഭാര്യയെ മർദ്ദിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട് താമരശ്ശേരിയിൽ ഭാര്യയെ മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ. നൗഷാദിനെ താമരശ്ശേരി പോലീസാണ് അറസ്റ്റു ചെയ്തത്. ഭർത്താവിൻ്റെ ക്രൂര മർദ്ദനത്തെ തുടർന്ന് മകളെയും കൊണ്ട് അർദ്ധരാത്രി വീട് വിട്ട് ഓടിയ യുവതിയെയും, മകളെയും നാട്ടുകാർ ആണ് ആശുപത്രിയിൽ എത്തിച്ചത്. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മക്കളുമാണ് ഭർത്താവ് നൗഷാദിൻ്റെ ക്രൂരമായ ആക്രമങ്ങൾക്ക് ഇരയായത്.

മയക്കുമരുന്ന് ലഹരിയിൽ ആണ് ഭർത്താവായ നൗഷാദ് നസ്ജയെ ആക്രമിച്ചത് എന്നതാണ് പരാതി. വീടിന് അകത്തു വെച്ച് തലക്കും, ദേഹത്തും ക്രൂരമായി മർദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായി യുവതി പറഞ്ഞു, അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകൾക്കും, മാതൃമാതാവിനും പരുക്കേറ്റതായും നസ്ജ പറഞ്ഞു.

രാത്രി 10 മണിക്ക് ആരംഭിച്ച മർദ്ദനം രണ്ടു മണിക്കൂറോളം തുടർന്നിരുന്നു. വർഷങ്ങളായി ഭർത്താവിൻ്റെ പീഡനം തുടരുന്നുണ്ടെങ്കിലും കൊലപ്പെടുത്താനായിരുന്നു ശ്രമം എന്നും നസ്ജ പറഞ്ഞു. നസ്ജയും, മകളും, വല്ല്യുമ്മ സുബൈദയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നൗഷാദ് ലഹരിക്കടിമയാണെന്നും വീട്ടിൽ നിരന്തരം പ്രശ്ങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.

