പാകിസ്ഥാൻ ഒട്ടും സുരക്ഷിതമല്ല; പി എസ് എൽ മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉടലെടുത്ത സംഭവവികാസങ്ങളുടെ സാഹചര്യത്തില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി എസ് എല്‍) മത്സരം യു എ ഇയിലേക്ക് മാറ്റി. പ്ലേ ഓഫ്, ഫൈനൽ ഉള്‍പ്പെടെ ശേഷിക്കുന്ന മത്സരങ്ങളാണ് രാജ്യത്തിന് പുറത്തേക്ക് മാറ്റുന്നതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി സി ബി) അറിയിച്ചു.

പാക് പ്രകോപനത്തിന് ഇന്ത്യയുടെ തിരിച്ചടികളും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണങ്ങളും കാരണമാണ് പാകിസ്ഥാൻ ഒട്ടും സുരക്ഷിതമല്ലാതായത്. പി എസ് എല്ലിൽ കളിക്കുന്ന വിദേശ താരങ്ങളടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു. പി സി ബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി വിദേശ കളിക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് വ്യാഴാഴ്ച ഇസ്ലാമാബാദില്‍ അടിയന്തര യോഗം ചേര്‍ന്നാണ് യു എ ഇയിലേക്ക് മാറ്റുന്നത് തീരുമാനിച്ചത്.

നാല് ലീഗ് ഘട്ട മത്സരങ്ങളും പ്ലേഓഫുകളുമാണ് ഇനിയുള്ള മത്സരങ്ങളിൽ ഉള്‍പ്പെടുന്നത്. റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ലാഹോര്‍ എന്നിവിടങ്ങളിലായി നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അടക്കം ആക്രമണം ഉണ്ടായിട്ടുണ്ട്.

