മിഠായി തെരുവില്‍ വൻ തീപിടുത്തം: തീ അണക്കാനുളള ശ്രമം തുടരുന്നു

കോഴിക്കോട്: മിഠായി തെരുവില്‍ തീപിടുത്തം . ഇന്ന് ഉച്ചയ്ക്ക് 11.40 ഓടെ രാധാ തീയേറ്ററിന് സമീപത്തെ മോഡേണ്‍ ടെക്സ്റ്റൈല്‍സിനാണ് തീപിടിച്ചത്. തീ പടര്‍ന്നതോടെ മിഠായി തെരുവിലെ കടകള്‍ അധികൃതര്‍ ഒഴിപ്പിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീ പിടുത്തമുണ്ടായ മോഡേണ്‍ ടെക്സ്റ്റയില്‍സ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കടയിലെ ജനറേറ്ററിന്റെ ഗ്യാസ് ആണ് പൊട്ടിത്തെറിച്ചത്.
ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് ഇപ്പോള്‍ തീ അണക്കാനുള്ള ശ്രമം നടത്തുന്നത്. മോഡേണ്‍ ടെക്സ്റ്റെയില്‍സിന് പുറമെ മറ്റ് അഞ്ച് കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. സമീപത്തെ കടയിലും ഗ്യാസ് സിലിണ്ടര്‍ ഉണ്ടെന്നാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ മറ്റ് ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

തീ അണക്കാന്‍ പൂര്‍ണമായും കഴിയാത്തത് കൊണ്ട് ആളുകള്‍ മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കുന്നത് പോലീസ് തടഞ്ഞിട്ടുണ്ട്. എങ്കിലും നിരവധി ആളുകളാണ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അപകട സാധ്യതയുള്ളത് കൊണ്ട് സ്ഥലത്തേക്ക് ആളുകള്‍ എത്തുന്നത് ഒഴിവാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

കലക്ടര്‍ യു.വി ജോസ്, കോഴിക്കോട് എം.പി എം.കെ രാഘവന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ച സമയമായതിനാല്‍ തീ മറ്റ് കടകളിലേക്ക് പടരുന്നത് തടയാന്‍ ഏറെ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

