KOYILANDY DIARY.COM

The Perfect News Portal

വര്‍ണപ്പൊലിമയും മേളവിസ്മയവും; തൃശൂര്‍ പൂരത്തിന് ആവേശകരമായ കൊടിയിറക്കം

വര്‍ണപ്പൊലിമയും മേളവിസ്മയവും സമ്മാനിച്ച് തൃശൂര്‍ പൂരത്തിന് ആവേശകരമായ കൊടിയിറക്കം. പാറമേക്കാവ്, തിരുവമ്പാടി ദേവിമാര്‍ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് രണ്ട് ദിവസം നീണ്ട തൃശൂര്‍ പൂരത്തിന് സമാപനമായത്. പകല്‍പ്പൂരത്തിന്റെ ഭാഗമായി ഇന്ന് നടന്ന പാണ്ടിമേളവും കുടമാറ്റവും പൂരപ്രേമികള്‍ക്ക് നിറക്കാഴ്ചയൊരുക്കി.

രാവിലെ എട്ടരയോടെയാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ എഴുന്നള്ളിപ്പ് ആരംഭിച്ചത്. പാറമേക്കാവ് വിഭാഗത്തിന്റെ മേളത്തിന് കിഴക്കൂട്ട് അനിയന്‍ മാരാരും തിരുവമ്പാടിയുടെ പാണ്ടിമേളത്തിന് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരും പ്രമാണിമാരായി. ഇതിനിടെ നടന്ന ചെറുകുടമാറ്റം പൂരപ്രേമികളുടെ മനം കവര്‍ന്നു. പകല്‍പ്പൂരത്തിന്റെ ഭാഗമായി മണികണ്ഠനാലില്‍ നിന്നും നായ്ക്കനാലില്‍ നിന്നും തുടങ്ങിയ എഴുന്നള്ളിപ്പുകള്‍ ഉച്ചയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ശ്രീ മൂലസ്ഥാനത്ത് കൊട്ടിക്കലാശിച്ചു.

 

തുടര്‍ന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയ ആനകള്‍ നിലപാട് തറയ്ക്ക് സമീപമെത്തി. അടുത്ത വര്‍ഷത്തെ പൂരത്തിന് കാണാം എന്ന് ഇരുദേവിമാരും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ഇതോടെ 36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തിന് സമാപനമായി.

Advertisements
Share news