രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമാകാൻ കേരളം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളം. 14നും 60വയസിനും ഇടയിലുള്ള 99 ശതമാനത്തിലധികം പേരും ഡിജിറ്റൽ ഉപയോഗത്തിന്റെ പ്രാഥമിക അറിവുകൾ നേടിയതോടെയാണ് കേരളം ഈ നേട്ടത്തിലേക്ക് എത്തുന്നത്. ഔപചാരിക പ്രഖ്യാപനം രാഷ്ട്രപതി നിർവഹിക്കും. തീയതി പിന്നീട് തീരുമാനിക്കും.

2022ൽ തുടക്കമിട്ട ‘ഡിജി കേരളം’ പദ്ധതിയിലൂടെയാണ് ഈ സുവർണ്ണ നേട്ടം. സംസ്ഥാനത്താകെ നടത്തിയ സർവേയിൽ 21,88,398 പേർ ഡിജിറ്റൽ സാക്ഷരരല്ലെന്ന് കണ്ടെത്തിയിരുന്നു. 2,57,000 വളന്റിയർമാർ വഴിയാണ് വിവരം ശേഖരിച്ചത്. ഇവർക്ക് വളന്റിയർമാർ മുഖേന ശാസ്ത്രീയമായി തയ്യാറാക്കിയ മൊഡ്യൂളുകൾ ഉപയോഗിച്ചുള്ള പരിശീലനം നൽകി. 21,87,966 പേർ പരിശീലനം പൂർത്തിയാക്കി. തുടർന്ന് നടത്തിയ മൂല്യനിർണ്ണയത്തിൽ 21,87,667 (99.98 ശതമാനം) പഠിതാക്കളും വിജയിച്ച് ഡിജിറ്റൽ സാക്ഷരതാ സർട്ടിഫിക്കറ്റ് നേടി. ഇവരിൽ 15,223 പേർ 90 വയസ്സിന് മുകളിലുള്ളവരാണ്.

പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി തദ്ദേശ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടറുടെയും ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് മുഖേനയും പദ്ധതിയുടെ സുതാര്യത ഉറപ്പാക്കി. തദ്ദേശസ്ഥാപനം വഴിയുള്ള സേവനങ്ങളെല്ലാം കെ സ്മാർട്ട് വഴി ഓൺലൈനാക്കി കേരളം ഇ ഗവേണൻസ് രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരുന്നു.

