വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ സംഭവം; വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഇരുപതുകാരനെതിരെ FIR രജിസ്റ്റർ ചെയ്തത്. അക്ഷയ സെന്റർ ജീവനക്കാരിയാണ് കൃത്രിമം കാട്ടിയത് എന്ന വിദ്യാർത്ഥിയുടെ മൊഴി പോലീസ് പരിശോധിക്കും. കേസിലെ ദുരൂഹത നീക്കാൻ ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്യും.

വിദ്യാർത്ഥി ഒരു മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷമാണ് ഇതേ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ മാതാവ് നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിലെത്തുകയും പരീക്ഷയുടെ അപേക്ഷ സമർപ്പിക്കാൻ ജീവനക്കാരിയെ ചുമതലപ്പെടുത്തുകയും പണം നൽകുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. പിന്നീട് അക്ഷയ സെന്റർ ജീവനക്കാരി കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഹാൾ ടിക്കറ്റ് അയച്ചുകൊടുത്തതെന്നാണ് മൊഴി.

തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെന്ററിൽ ആണ് വിദ്യാർത്ഥി വ്യാജ ഹാൾടിക്കറ്റുമായി എത്തിയത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് ചമച്ചതെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ പരീക്ഷയുടെ സെന്റർ ഒബ്സർവർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട പൊലീസ് വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തത്.

