വീടിന് ഭീഷണിയായ മരം മൂടാടി പഞ്ചായത്ത് അധികൃതർ മുറിച്ചു മാറ്റി

മൂടാടി: വീടിന് ഭീഷണിയായ മരം പോലീസ് സംരക്ഷണത്തിൽ മുറിച്ചുമാറ്റി. മൂടാടി ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിലാണ് വീടിന് ഭീഷണിയായി വളർന്ന മരം മുറിച്ച് മാറ്റിയത്. സിറാജ് കോയിക്കൽ എന്നയാൾ ഗ്രാമപഞ്ചായത്തിൽ നൽകിയ പരാതിയെ തുടർന്നാണ് അയൽവാസിയായ ഹമീദിൻ്റെ പറമ്പിലെ മരം പോലീസ് സംരക്ഷണത്തിൽ മുറിച്ചുമാറ്റിയത്. പരാതി പരിഹാര കമ്മിറ്റി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ രണ്ട് കൂട്ടരെയും വിളിച്ചെങ്കിലും എതിർ കക്ഷി യോഗത്തിൽ പങ്കെടുക്കുകയോ ഗ്രാമപഞ്ചായത്ത് മരം മുറിക്കാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും തയാറാകാതിരിക്കുകയുമായിരുന്നു.

ഇതേ തുടർന്ന് പ്രസിഡൻ്റിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് സെക്രട്ടറി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. കൊയിലാണ്ടി പോലിസിൻ്റെ സാന്നിധ്യത്തിൽ അസിസ്റ്റൻ്റ് സെക്രട്ടറി ടി. ഗിരീഷ് കുമാർ, എച്ച്.സി. ഷിജു, എൽഡി ക്ളർക്ക് ആദർശ് എന്നിവരുടെ നേതൃത്വത്തിൽ മരം മുറിക്കുകയായിരുന്നു. ഇതിനായി ചെലവഴിച്ച തുക ഹമീദിൽ നിന്ന് ഈടാക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.

