ഹോം ഗാർഡിനെ ആക്രമിച്ച പ്രതി പിടിയിൽ

കുന്ദമംഗലം: ഡ്യൂട്ടിയ്ക്കിടയിൽ ഹോം ഗാർഡിനെ ആക്രമിച്ച പ്രതി പിടിയിൽ. അമ്പലക്കണ്ടിയിൽ പ്രബുലൻ (അബ്ബാസ്) (39) ആണ് പിടിയിലായത്. കളൻതോട് വെച്ച് മദ്യലഹരിയിൽ വീട്ടുകാരെ ആക്രമിക്കുന്നതായി കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിൽ ആയിരുന്ന കുന്ദമംഗലം പോലീസ് സ്ഥലത്തെത്തുകയായിരുന്നു. വീട്ടിലെത്തിയ പോലിസിനെ കണ്ട് പ്രതി അക്രമാസക്തനായി വീട്ടുകാരെ ആക്രമിക്കാൻ ശ്രമിയ്ക്കുകയും ചെയ്തു.

പിടിച്ചുമാറ്റാൻ ശ്രമിച്ച പോലീസിനു നേരെ പ്രതി തിരിയുകയും, കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ഹോംഗാർഡിനെ യൂണിഫോമിൽ പിടിച്ച് വലിച്ച് ആക്രമിക്കുകയും ഔദ്യോഗിക കൃത്യ നിവ്വഹണം തടസ്സപ്പെടുത്തുകയുമായിരുന്നു. തികഞ്ഞ മദ്യപാനിയായ പ്രതി വീട്ടുകാരെ ആക്രമിക്കുന്നത് നിത്യ സംഭവമാണെന്നും, പ്രതിയ്ക്കെതിര അടിപിടി കേസും ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
