ചന്ദനമരം മോഷ്ടിച്ച പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

കോഴിക്കോട്: ചന്ദനമരം മോഷണം നടത്തിയ പ്രതി പിടിയിൽ. പരപ്പനങ്ങാടി ഉള്ളണം സ്വദേശി വടക്കേ ചോലക്കാട്ടിൽ വീട്ടിൽ മുഹമ്മദ് ഷബീർ ചാള ബാബു (37) ആണ് പിടിയിലായത്. ഫറോക്ക് സ്റ്റേഷൻ പരിധിയിലെ മണ്ണൂർ പിടിപ്പഴി ശ്രീ മഹാവിഷ്ണു ക്ഷേത്ര ഉടമസ്ഥതയിലുളള സുമാർ 50,000/- രൂപയോളം വില വരുന്ന ചന്ദനമരം മോഷണം നടത്തിയ കേസിലെ പിടികിട്ടാപുള്ളിയാണ് ബാബു. ഫറോക്ക് ACP എം എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും, ഫറോക് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

2018 ൽ ചന്ദനമരം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഫറോക്ക് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ഫറോക്ക് ACP ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പരപ്പനങ്ങാടിക്കടുത്തുള്ള ഉള്ളണം എന്ന സ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പ്രതിക്ക് ഫറോക്ക്, മാറാട്, പരപ്പനങ്ങാടി, തേഞ്ഞിപ്പാലം തുടങ്ങിയ സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി, ഭവനഭേദനം തുടങ്ങി നിരവധി കേസ്സുകൾ നിലവിലുണ്ടെന്നും, നിരവധി വാറണ്ട് കേസ്സിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
