KOYILANDY DIARY.COM

The Perfect News Portal

പഹല്‍ഗാം ഭീകരാക്രമണം; ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം. കശ്മീര്‍ അതിര്‍ത്തികളില്‍ ഇന്നലെയും ഏറ്റുമുട്ടല്‍ നടന്നു. ഉധംപുരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പഞ്ചാബിലെ ഫിറോസ്പുരില്‍ രാജ്യാതിര്‍ത്തി കടന്നുവെന്നാരോപിച്ച് ബിഎസ്എഫ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഇന്ന് ശ്രീനഗര്‍ സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും ഇന്ന് കശ്മീരിൽ എത്തും.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും കശ്മീര്‍ അതിര്‍ത്തി അശാന്തമാണ്. വിവിധയിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഉധംപുരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ഹവില്‍ദാര്‍ ഝണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഉധംപുര്‍ ബസന്ദ്ഗഢിലെ ദൂതു മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് മൂന്ന് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും സൈന്യം വളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. പഹല്‍ഗാം ആക്രമണത്തിന് ശേഷമുളള സൈനിക ഓപ്പറേഷനെ ‘ബര്‍ലിഗലി’ എന്നാണ് പേരിട്ടിരിക്കുന്നത്. കശ്മീരിലുടനീളം കനത്ത സുരക്ഷാവലയത്തിലാണ്.

ജമ്മു കശ്മീര്‍ പൊലീസ് ഭീകരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ പഞ്ചാബിലെ ഫിറോസ് പൂര്‍ സെക്ടറില്‍ രാജ്യാന്തര അതിര്‍ത്തി കടന്നുവെന്നാരോപിച്ച് പി കെ സിംഗ് എന്ന ബിഎസ്എഫ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു. പഹല്‍ഗാമിലെ സ്ഥിതിഗതികളും ഭീകരവിരുദ്ധ നടപടികളും വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ശ്രീനഗര്‍ സന്ദര്‍ശിക്കും. താഴ്വരയിലും നിയന്ത്രണ രേഖയിലും ഭീകരവിരുദ്ധ നടപടികള്‍ നിരീക്ഷിക്കും. 15 കോര്‍പ്‌സ് കമാന്‍ഡറും രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡര്‍മാരും അദ്ദേഹത്തോടൊപ്പമുണ്ടാകും. ഏത് നിമിഷവും സൈനിക നടപടികള്‍ക്കായി സജ്ജമായിരിക്കണമെന്ന നിര്‍ദേശമാണ് മേധാവികള്‍ നല്‍കിയിരിക്കുന്നത്.

Advertisements
Share news