കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ചയാൾ അറസ്റ്റിൽ

തേഞ്ഞിപ്പാലം ജോലിക്കായി ഒമാനിൽ കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് ബേപ്പൂർ കീരിയേടത്ത് പറമ്പ് പുളിക്കൽ പള്ളി വീട്ടിൽ മുഹമ്മദ് ഫാരീസിനെ (29)യാണ് കരിപ്പൂർ എയർപോർട്ടിൽനിന്ന് പിടികൂടിയത്. കലിക്കറ്റ് സർവകലാശാലയുടെ ബിടെക് സർട്ടിഫിക്കറ്റ് നിർമിച്ച കേസിലാണ് അറസ്റ്റ്. ഒമാനിൽ ജോലി ചെയ്യുന്ന ഫാരീസ് ജോലി ആവശ്യാർത്ഥമാണ് അവിടെവെച്ച് 130 ഒമാൻ റിയാൽ നൽകി വ്യാജ സർട്ടിഫിക്കറ്റ് ഒപ്പിച്ചത്.

നോട്ടറി അറ്റസ്റ്റേഷൻ, ആഭ്യന്തര വകുപ്പ് അറ്റസ്റ്റേഷൻ എന്നിവയും വ്യാജമായി തരപ്പെടുത്തി. ജോലിക്കുവേണ്ടി നൽകിയ സർട്ടിഫിക്കറ്റ് ആധികാരികത പരിശോധിക്കാൻ കലിക്കറ്റ് സർവകലാശാലയിലേക്ക് കമ്പനി അയച്ചപ്പോഴാണ് വ്യാജമെന്ന് കണ്ടെത്തിയത്. ഇതോടെ സർവകലാശാല പൊലീസിൽ പരാതി നൽകി. ജില്ല ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മുഹമ്മദ് ഫാരീസ് പിടിയിലാകുന്നത്. ഒമാനിൽ നിന്ന് ബുധനാഴ്ച രാവിലെയാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാൽ എമിഗ്രേഷനിൽ തടഞ്ഞുവെച്ച് തേഞ്ഞിപ്പലം പൊലീസിനെ വിവരം അറിയിച്ചു. തേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ ജീവൻ ജോർജ്, എസ്ഐ വിപിൻ വി പിള്ള എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം വി മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്ലസ് ടുവാണ് മുഹമ്മദ് ഫാരീസിന്റെ വിദ്യാഭ്യാസ യോഗ്യത.

