തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തൃശൂരിൽ പിടിയിൽ

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് പിടിയിൽ. വീട്ടിലെ മുൻ ജീവനക്കാരനും അസം സ്വദേശിയുമായ അമിത് ഉറാങ്ങ് ആണ് പിടിയിലായത്. തൃശൂർ മാള മേലടൂരിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് ആണ് ഈ കാര്യം അറിയിച്ചത്.

പ്രതിയുടെ സുഹൃത്തുക്കൾ ഇവിടെ ഉണ്ടായിരുന്നു. നഗരത്തിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് അതിക്രൂരമായി കൊല്ലപെട്ടത്. കോടാലി കൊണ്ട് പല തവണ തലക്കും മുഖത്തും അടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പ്രതിക്ക് ഇവരോടുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (64), ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതക വിവരമറിയുന്നത്. കേൾവിപരിമിതിയുള്ള തോട്ടക്കാരൻ ബോണ്ട് രാജ് ഒൗട്ട്ഹൗസിൽ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12.30-നും ഒന്നിനും ഇടയിലാണ് കൊല നടന്നതെന്ന് കരുതുന്നു.

