അറസ്റ്റ് ചെയ്യില്ല; ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിൽ; നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് പൊലീസ്

രാസലഹരിയുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയെ നിലവിൽ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ തമിഴ്നാട്ടിൽ എന്ന് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ മുടി ശേഖരിച്ച് രാസ പരിശോധന നടത്തും. എത്രകാലമായി രാസ ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുക.

നിലവിൽ പൊള്ളാച്ചിയിൽ ഒരു റിസോർട്ടിലാണ് ഷൈൻ ടോം ചാക്കോയെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിൽ താമസിച്ചിരുന്നു ഹോട്ടൽ റൂമിലെ പരിശോധനയിൽ കണ്ടെത്താനായത് ഉപയോഗിച്ച മദ്യക്കുപ്പികൾ മാത്രമാണ്. റൂമിൽ വനിതാ സുഹൃത്തുക്കൾ വന്നതും പരിശോധിക്കുന്നു. ആലപ്പുഴ കേസിൽ അറസ്റ്റിൽ ആകുമോ എന്ന പേടിയിലാണ് ഷൈൻ ഓടിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റൂമിന് പുറത്തെത്തിയത് എക്സൈസ് ആണ് എന്ന് ഷൈൻ ടോം ചാക്കോ തെറ്റിദ്ധരിച്ചുവെന്ന് പൊലീസ് പറയുന്നു.

ഷൈൻ ടോം ചാക്കോയുടെ പുറകെ പോകില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ഹോട്ടലിൽ നടനെ കാണാൻ എത്തിയത് മൂന്ന് പേരാണ്. ഹോട്ടലിലെ ബാറിൽ വെച്ചാണ് ഇവരെ കണ്ടത്. മുറിയിൽ എത്തിയത് പാലക്കാട് സ്വദേശി മാത്രമാണ്. ഷൈനുമായി മുൻപരിചയമുണ്ടെന്ന് ഇയാൾ പറയുന്നു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും സുഹൃത്തിന്റെ മൊഴി. റിസപ്ഷനിൽ ലഭിച്ച ഫോണിന്റെ അടിസ്ഥാനത്തിലാണ് ഷൈൻ ഓടിയതെന്നും സുഹൃത്ത് പോലീസിനോട് പറഞ്ഞു.

അതേസമയം വിൻസി അലോഷ്യസ് സംഘടനങ്ങൾക്ക് നൽകിയ പരാതി പോലീസിന് കൈമാറിട്ടില്ല. നടിയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം എന്ന് സംഘടനകളുടെ വിശദീകരണം. ലൈഗീക അതിക്രമവുമായി ബന്ധപെട്ട കാര്യങ്ങൾ പരാതിയിൽ ഇല്ലാത്തതും പോലീസിന് പരാതി കൈമാറാത്തതിന് കാരണം. വിൻസി നൽകിയ പരാതിയിൽ മേൽ ഷൈൻ ടോമിനെതിരെ നടപടി ഉണ്ടാകും. താൽകാലികമായി സിനിമകളിൽ നിന്ന് മാറ്റി നിർത്താനാണ് നീക്കം.

