KOYILANDY DIARY.COM

The Perfect News Portal

രാജ്യത്ത് ആദ്യമായി ട്രെയിനിനുള്ളിൽ എടിഎം സ്ഥാപിച്ച് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ റെയിൽവേ

രാജ്യത്ത് ആദ്യമായി ട്രെയിനിനുള്ളിൽ എടിഎം സ്ഥാപിച്ച് പരീക്ഷണ ഓട്ടം ചൊവ്വാഴ്ച വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ റെയിൽവേ. നാസിക്കിലെ മൻമദിനും മുംബൈയ്ക്കും ഇടയിൽ ഓടുന്ന പഞ്ചവടി എക്സ്പ്രസിന്‍റെ എയർ കണ്ടീഷൻ ചെയ്ത കോച്ചിലാണ് എടിഎം മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യ ബാങ്കിന്റെ എടിഎമ്മാണ് സ്ഥാപിച്ചത്. വൈകാതെ തന്നെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം ഘടിപ്പിച്ചിരിക്കുന്നത്.

ട്രെയിന്‍ നീങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഷട്ടര്‍ വാതിലും നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎം സേവനം വിജയിച്ചാല്‍ വൈകാതെ എല്ലാ യാത്രക്കാര്‍ക്കും സേവനം ഉപയോഗപ്പെടുത്താമെന്ന് സെന്‍ട്രല്‍ റെയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്വപ്നില്‍ നില പറഞ്ഞു.

 

ഇഗത്പുരിക്കും കസാരയ്ക്കും ഇടയിലുള്ള ചെറിയ സമയത്തെ നെറ്റ്‌വർക്ക് നഷ്ടം ഒഴികെ ട്രയൽ സുഗമമായി നടന്നതായി ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. തുരങ്കങ്ങളും പരിമിതമായ മൊബൈൽ കവറേജും കാരണമാണ് ഇവിടെ വെച്ച് നെറ്റ്വർക്ക് നഷ്ടമായത്. മന്‍മദ് റെയില്‍വേ വര്‍ക്ക്‌ഷോപ്പിലാണ് എടിഎം സ്ഥാപിക്കുന്നതിനായി കോച്ചില്‍ മാറ്റങ്ങള്‍ വരുത്തിയത്.

Advertisements

 

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും അയല്‍ ജില്ലയായ നാസിക് ജില്ലയിലെ മന്‍മദ് ജങ്ഷനും ഇടയില്‍ ദിവസേന സര്‍വീസ് നടത്തുന്ന ട്രെയിനാണ് പഞ്ചവടി എക്‌സ്പ്രസ്.

Share news