മനുഷ്യരാശിയുടെ സ്വപ്നത്തെ ബഹിരാകാശത്ത് എത്തിച്ച ശാസ്ത്രനേട്ടത്തിന് ഇന്ന് 64 വയസ്സ്

ശാസ്ത്ര ലോകത്തെ പുതിയ യുഗത്തിന് തുടക്കമിട്ട ബഹിരാകാശ യാത്രയ്ക്ക് ഇന്ന് 64 വയസ്സ്. ലോകം ശ്രദ്ധിച്ച യാത്രയെ അടയാളപ്പെടുത്തിയത് റഷ്യൻ വ്യോമസേനയിൽ ലെഫ്റ്റനന്റ് ആയിരുന്ന യൂറി ഗഗാറിനും. ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. 1961 ഏപ്രിൽ 12ന് സോവിയറ്റ് യൂണിയന്റെ ഭാഗമായ ഖസാക്കിസ്ഥാനിലെ ബൈക്കോനോർ കോസ്മോ ഡ്രോമിൽ നിന്ന് യൂറി ഗഗാറിൻ എന്ന 27 കാരനെയും വഹിച്ചുകൊണ്ടുള്ള റഷ്യയുടെ വോസ്തോക്ക് -1 എന്ന ബഹിരാകാശ പേടകം കുതിച്ചുയരുമ്പോൾ ശാസ്ത്രത്തിന്റെ ഇരുളടഞ്ഞ ശൂന്യതയിൽ നിന്നും വെളിച്ചം വീശുന്നതായി അത് മാറി.

ബഹിരാകാശത്ത് ആദ്യമായി എത്തിയെന്ന മനുഷ്യനെന്ന ഖ്യാതിക്കൊപ്പം ഭൂമിയെ വലം വയ്ക്കുന്ന മനുഷ്യൻ എന്ന നേട്ടവും ഗഗാറിന്റെ പേരിലായി. ഗഗാറിൻ ബഹിരാകാശ യാത്ര നടത്തുന്നതിനു നാലുവർഷം മുമ്പ് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് സ്പുട്നിക്ക് എന്ന സാറ്റലൈറ്റ് റഷ്യ വിക്ഷേപിച്ചിരുന്നു. ഇതിന്റെ വിജയമാണ് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ കരുത്ത് ആയത്.

പിന്നീടങ്ങോട്ട് ശാസ്ത്രത്തിന്റെ വളർച്ചയുടെ ചിറകിലേറി ബഹിരാകാശ യാത്ര നടത്തി പലരും സ്വന്തം പേരുകൾ ചേർത്ത് വെച്ചു. ഇന്ന് യൂറി ഗഗാറിൻ എന്ന റഷ്യക്കാരൻ, ഭൂമിയുടെ ഗുരുത്വാകർഷണം ഭേദിച്ചുകൊണ്ട് വിശാലസുന്ദരമായ ശൂന്യാകാശത്തേക്ക് പറന്നുയർന്ന ആദ്യത്തെ ബഹിരാകാശസഞ്ചാരി അഥവാ കോസ്മണട്ട് ആയ ദിവസമാണ്. മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം അത് വിപ്ലവകരമായ ഒരു കുതിപ്പായിരുന്നു.

108 മിനിറ്റുനേരം ബഹിരാകാശത്ത് ചെലവിട്ട ശേഷം, തിരികെ കസാക്കിസ്ഥാനിലേക്ക് തിരിച്ചുവന്നിറങ്ങി ആ പേടകം. അന്ന് വോസ്‌റ്റോക്കിന് വേണ്ട ബ്രേക്കിംഗ് സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാൻ റഷ്യൻ ബഹിരാകാശ ഗവേഷകർക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുപതിനായിരം അടി മുകളിൽ വെച്ച് പേടകത്തിൽ നിന്ന് സ്വയം ഇജക്റ്റ് ചെയ്ത്, പാരാലാൻഡ് ചെയ്യുകയായിരുന്നു അതെ, യൂറി ഗഗാറിൻ നടന്നുതീർത്തത് ഒരു സാധാരണ മനുഷ്യന് അവന്റെ ജീവിതത്തിൽ ഏറെക്കുറെ അസാധ്യം എന്നുതന്നെ തോന്നിക്കാവുന്ന ദൂരങ്ങളായിരുന്നു.

