KOYILANDY DIARY.COM

The Perfect News Portal

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ നിലനിർത്താൻ ഒത്തുചേർന്ന്‌ പ്രവർത്തിക്കണം; മുഖ്യമന്ത്രി

ആലപ്പുഴ: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ നിലനിർത്താൻ ഒത്തുചേർന്ന്‌ പ്രവർത്തിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കെപിഎംഎസ്‌ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിദ്വേഷവും ജാതിഭേദവും ഇല്ലാതാവണമെന്ന ചിന്തയെ എതിർക്കുന്നവരെ തിരിച്ചറിയണം. അവർക്കെതിരെ കാലിടറാതെ പ്രവർത്തിക്കണം.

നാടിനെ പഴയ രീതിയിലേക്ക് തിരിച്ചുകൊണ്ടുപോകാൻ ചിലർ ആഗ്രഹിക്കുന്നു. അത്തരം ശ്രമങ്ങളെ ഒരുമിച്ച് എതിർക്കണം. കഴിയാവുന്നത്ര ആളുകളെ കൂടെ നിർത്തണം. കെപിഎംഎസ് മാത്രമല്ല വേറെയും പ്രസ്ഥാനങ്ങളുണ്ട്. സംഘടനാപരമായ വ്യത്യാസങ്ങൾ ഉണ്ടാവാം. എന്നാൽ ഇക്കാര്യത്തിൽ യോജിച്ചു നിൽക്കാനാകണം. തെറ്റായ കാര്യങ്ങൾക്കെതിരെ അണിനിരക്കണം. സർക്കാർ പൂർണമായും ഒപ്പമുണ്ടാകും.

 

സമൂഹത്തെ പിന്നോട്ടടിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ ഉറച്ച നിലപാട് സർക്കാരിനുണ്ട്‌. പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ഓരോ പ്രദേശത്തും നടക്കുന്നു. ഒറ്റയ്ക്ക് ശക്തിയാർജിക്കുന്നതിനൊപ്പം തന്നെ ഇത്തരം കാര്യങ്ങൾക്കെതിരെ കൂട്ടായ പ്രവർത്തനം നടത്താനും തയ്യാറാകണം. അതിന്‌ സാധിച്ചില്ലെങ്കിൽ നമ്മൾ സ്വന്തമെന്ന് കരുതുന്നവരെ തന്നെ ഇക്കൂട്ടർ റാഞ്ചിയെടുക്കും.

Advertisements

 

കേരളം വേറിട്ട സംസ്ഥാനമായി നിൽക്കുന്നതിന്റെ പ്രധാന കാരണം നവോത്ഥാന മൂല്യങ്ങൾക്ക് പിന്തുടർച്ചയുണ്ടായതാണ്. ചോദ്യംചെയ്യുന്ന മാനസികാവസ്ഥയിലേക്ക് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവന്നത് നവോത്ഥാന നായകരാണ്. ദൗർഭാഗ്യവശാൽ നവോത്ഥാനകാലത്ത് ഒഴിപ്പിച്ച ഭേദചിന്തകളെല്ലാം തിരികെ കൊണ്ടുവരാൻ ശ്രമം നടക്കുന്നു. നവോത്ഥാന നായകരെപ്പോലെ ഇതിനെതിരേ ശബ്ദിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

 

Share news