ബേപ്പൂര്‍ തുറമുഖത്ത് ആരോഗ്യ സുരക്ഷ യോഗം സംഘടിപ്പിച്ചു

സേഫ് സീഷോര്‍ പദ്ധതിയുടെ ഭാഗമായി ബേപ്പൂര്‍ തുറമുഖത്ത് ആരോഗ്യ സുരക്ഷ ഇന്റര്‍സെക്ടറല്‍ യോഗം സംഘടിപ്പിച്ചു. ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ജില്ലാ ആരോഗ്യ വകുപ്പ്, വെക്ടര്‍ കണ്ട്രോള് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ വിവിധ വകുപ്പുകളുടേയും സംഘടനകളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും പ്രതിനിധികള്‍ പങ്കെടുത്തു.

കൊതുകുജന്യ രോഗങ്ങള്‍, മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ എന്നിവയുടെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധന, കുടിവെള്ള ലഭ്യത, ശുചിമുറി സൗകര്യം എന്നിങ്ങനെ ഹാര്‍ബറുമായി ബന്ധപ്പെട്ട് നിലവിലുള്ള ആരോഗ്യ സംബന്ധമായ വിഷയങ്ങളും മാലിന്യ സംസ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.

കോര്പറേഷന് കൗണ്‍സിലര്‍ എം ഗിരിജ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുരളീധരന്, കൗണ്‍സിലര്‍ രജനി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി, ജില്ലാ മലേറിയ ഓഫീസര്‍ കെ പി റിയാസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മെര്ഷ്യബാല്, സി ഐ ഷണ്മുഖന്, ജെ എച്ച് ഐ ഷിജു, ഡോ. രമ്യ മോഹന്‍, നന്ദന ഡെസ്നി, ജീവന്‍ലാല്‍, ഷാജിമോന്‍, സജീവന്, എം പി പി കുമാര്‍, ദേവരാജന്‍, സബീഷ്, കരിച്ചാലി പ്രേമന്, റിയാസ്, പ്രകാശന്, സുനിത കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

