ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെക്ഷൻസ് കോടതിയിലാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. പിന്നീട് വിധി പറയാൻ മാറ്റുകയായിരുന്നു.

ആറ് വിദ്യാർത്ഥികളാണ് കേസിൽ കുറ്റാരോപിതരായിട്ടുള്ളത്. വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലാണ് വിദ്യാർത്ഥികളുള്ളത്. പ്രതികളെല്ലാവരും പ്രായപൂർത്തിയാകത്തവരാണ്. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ വ്യാഴാഴ്ച പൂർത്തിയാക്കിയിരുന്നു. ഏപ്രിൽ 1ന് വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയിരുന്നു.

വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പിൽ വിദ്യാർത്ഥികളെ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് കാലാവധി നീട്ടിയത്. ഫെബ്രുവരി 28 നാണു താമരശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മാർച്ച് 1ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു.

