അച്ഛനമ്മമാര്‍ ഉപേക്ഷിച്ച ‘നിധി’ ഇനി മലയാളികള്‍ക്ക് സ്വന്തം; കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും

എറണാകുളം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞ് എറണാകുളം ജനറലാശുപത്രിയിലെ ചികിത്സക്കു ശേഷം ഇന്ന് ആശുപത്രി വിടും. ഒന്നര മാസത്തെ ചികിത്സയിക്ക് ശേഷമാണ് ആശുപത്രി വിടുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിധി എന്ന് പേരിട്ട കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ജനിച്ചപ്പോള്‍ ഒരു കിലോയ്ക്ക് താഴെ മാത്രം ഭാരമുള്ള കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേക്ക് മാറ്റിയ ശേഷമാണ് മാതാപിതാക്കളെ കാണാതായത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചെലവായ തുക ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിശ്ചയിക്കുന്ന പ്രകാരം വനിതാ ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കാനും തീരുമാനിച്ചു.

അച്ഛനമ്മമാര്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്. നിധി എന്ന കുഞ്ഞിന് പേരിട്ട് ശേഷം ഓരോ കുഞ്ഞും അതുപോലെ ഈ കുഞ്ഞും അമൂല്യ സമ്പത്താണെന്നും അതുകൊണ്ടു തന്നെയാണ് ‘നിധി’ എന്ന പേരിട്ടതെന്നും മന്ത്രി പ്രതികരിച്ചു.

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ദമ്പതികളാണ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് മുങ്ങിയത്. സാധാരണ കുട്ടികളെ പോലെ പാല്‍ കുടിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായുടെ ഏകോപനത്തില്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. വിജി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്. ന്യൂബോണ്‍ കെയറിലെ നഴ്‌സുമാരാണ് പ്രത്യേക പരിചരണം നല്‍കിയത്.

