പാലക്കാട് കരിമലയിൽ തേനെടുക്കാനെത്തിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് പാലക്കയം കരിമലയിൽ തേനെടുക്കാനെത്തിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അട്ടപ്പാടി കരുവാര ഉന്നതിയിലെ മണികണ്ഠൻ (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.30നാണ് കരിമ്പ പഞ്ചായത്ത് ആറ്റില വെള്ളച്ചാട്ടത്തിന് താഴെ തരിപ്പപതി മുണ്ടനാട് കരിമല മാവിൻചോടിന് സമീപം യുവാവിനെ കാണാതായത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും മണ്ണാർക്കാട് നിന്നെത്തിയ അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. പിന്നീട് പാലക്കാട്ടെ ആറംഗ സ്‌കൂബ ടീമുമെത്തി. ബുധനാഴ്ച അഗ്‌നിരക്ഷ സേനകളും സ്‌കൂബ ടീമും ചേര്‍ന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണസേനയും സ്ഥലത്തെത്തിയിരുന്നു. ഞായറാഴ്ചയാണ് മണികണ്‌ഠൻ ഉൾപ്പെടെ ഒമ്പതുപേർ ഇവിടെ എത്തിയത്. തിങ്കളാഴ്ച രാത്രി വെള്ളത്തിലിറങ്ങാന്‍ ശ്രമിക്കുന്നതിടെ മണികണ്ഠന്‍ കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്.

