KOYILANDY DIARY.COM

The Perfect News Portal

ലഹരി വിറ്റ് വാങ്ങിയ വാഹനം പോലീസ് കണ്ടുകെട്ടി

കോഴിക്കോട്: ലഹരി വില്പ്പനക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടിയുമായി വീണ്ടും കോഴിക്കോട് സിറ്റി പോലീസ്. ലഹരി വിറ്റ്  വാങ്ങിയ വാഹനം പോലീസ് കണ്ടുകെട്ടി. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി വാര്യംകണ്ടിപറമ്പ് വീട്ടിൽ രാഹുൽ (34) ന്റെ പേരിലുള്ള വാഹനമാണ് ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ (SAFEMA) ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്. 
2025 മാർച്ച് 10ന് കോഴിക്കോട് എലത്തൂരിലുള്ള സീന പ്ലാസ്റ്റിക്കിനു സമീപം കടുക്കൻമാക്കൽ എന്ന വീടിന്റെ മുകൾനിലയിലെ മുറിയിൽ എലത്തൂർ പോലീസും സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത മാരക മയക്കുമരുന്നായ 79.74 gm MDMA യുമായി രാഹുൽ ഉൾപ്പെടെ മൂന്ന് പേർ പിടിയിലാവുകയായിരുന്നു. ഈ സംഭവത്തിലാണ് പ്രതിയുടെ പേരിലുള്ള  KL -11 – BV -7037 നമ്പർ TVS Ntourque സ്കൂട്ടർ എലത്തൂർ പോലീസ് കണ്ടു കെട്ടിയത്.
ബംഗളൂരുവിൽ നിന്നും മൊത്തമായി വാങ്ങി കേരളത്തിലേയ്ക്ക് വിൽപനക്കായി കൊണ്ടുവന്ന 79.74 ഗ്രാം എം.ഡി.എം.എ യുമായാണ് പ്രതിയടക്കം മൂന്ന് പേർ പിടിയിലാവുന്നത്. നഗരത്തിലെ പല ഭാഗങ്ങളിലുമുള്ള ലോഡ്ജുകളിലും, ഹോംസ്റ്റേകളിലും റൂം എടുത്ത് നിന്ന് വാട്സ് ആപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ട് റൂം എടുത്ത ഭാഗങ്ങളിലേക്ക് അവരെ വിളിച്ചു വരുത്തി ലഹരി മരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. യുവാക്കൾക്കിടയിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും മയക്കുമരുന്ന് മൊത്തമായും ചില്ലറയായും വിൽപന നടത്തി വലിയതോതിൽ സാമ്പത്തിക ലാഭം നേടുകയായിരുന്നു.
എലത്തൂർ പോലീസിന്റെ അന്വേഷണത്തിൽ പ്രതി പലതവണ കോഴിക്കോട്ടേക്ക് എം.ഡി.എം.എ കടത്തിയതായി സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രതി ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനാണ് മയക്കുമരുന്ന് വിൽപനയിലേക്ക് മാറിയത്. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു. രാഹുലിന് മയക്കു ഗുളികകളുമായി പിടി കൂടിയതിന് ഒറ്റപ്പാലം സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. കുറഞ്ഞ കാലയളവിനുള്ളിൽ പ്രതി വലിയതോതിൽ പണം സമ്പാദിച്ചതും, വാഹനം വാങ്ങിയതും ആഡംബര ജീവിതം നയിച്ചതും മറ്റും ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്നും അന്വേഷണത്തിൽ പോലീസ് കണ്ടെത്തുകയായിരുന്നു.
ഈ കേസിന്റെ തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയുടെ സ്വത്ത് വിവരങ്ങളും പോലീസ് അന്വേഷിച്ചിരുന്നു. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ചാണ് സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികൾ സ്വീകരിക്കുന്നത്. ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഇതെല്ലാം നേടിയത് എന്നുള്ള സ്ഥിരീകരണത്തിനായി എലത്തൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്ത് കെ.ആർ നൽകിയ റിപ്പോർട്ട് പ്രകാരമാണ് പ്രതിയുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ എടുക്കുന്നതിനായി ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് (സഫേമ) ബന്ധപ്പെട്ട രേഖകൾ അയച്ചിട്ടുള്ളതാണ്.
നിലവിൽ പ്രതി കോഴിക്കോട് ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്യാറുണ്ട്. ഇതിന് പുറമെയാണ് മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന വാഹനം കൂടാതെ ഇവർ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തു വകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും  പോലീസ് സ്വീകരിക്കുന്നത്. 
അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടത്ത് സംഘങ്ങളുടെയും,  അവരുടെ ബന്ധുക്കളുടെയും, അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട്. മയക്കുമരുന്ന് വിൽപ്പനക്കാരെ സഹായിക്കുന്നവരെയും നിയമം കൊണ്ട് പൂട്ടാനാണ് പോലീസിനെ നീക്കം. ജില്ലയിലേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് കോഴിക്കോട് ജില്ലാ പോലീസ് സ്വീകരിക്കുന്നത്. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും, മയക്കുമരുന്ന് കച്ചവടത്തിലെ മുഴുവൻ ആളുകളെയും പിടികൂടുന്നതിനുള്ള തുടർനടപടികൾ മറ്റു സംസ്ഥാനങ്ങളിലെ വിവിധ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണെന്ന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ. പവിത്രൻ IPS അറിയിച്ചു.
Share news