തൃശൂരിൽ നിന്നും ഒഡീഷ ദമ്പതികളുടെ കുഞ്ഞിനെ തട്ടിയെടുത്ത യുവാവ് പിടിയിൽ

തൃശൂരിൽ നിന്നും ഒഡീഷ ദമ്പതികളുടെ ഒന്നര വയസുകാരിയായ കുഞ്ഞിനെ തട്ടിയെടുത്ത യുവാവ് കുഞ്ഞുമായി പാലക്കാട് പിടിയിൽ. തമിഴ്നാട് ദിണ്ടിക്കൽ സ്വദേശി വെട്രിവേലിനെ (32) ആണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും നോർത്ത് പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിലായിരുന്ന യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദത്തിൽ കണ്ടതിനെ തുടർന്ന് ഓട്ടോ തൊഴിലാളികളാണ് പോലീസിനെ വിവരമറിയിച്ചത്. ദമ്പതികൾ അറിയാതെ ട്രെയിനിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്നാണ് യുവാവിൻ്റെ മൊഴി.

ഒഡീഷയിൽ നിന്നും എറണാകുളത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് കുട്ടിയെ തട്ടിയെടുത്തത്. കുഞ്ഞിനെ കാണാതായതിന് പിന്നാലെ ദമ്പതികൾ തൃശൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഒഡീഷ ദമ്പതികൾ 10 വർഷമായി ആലുവയിൽ ജോലി ചെയ്യുകയാണ്. കുഞ്ഞിനെ കിട്ടിയ വിവരമറിഞ്ഞ് ദമ്പതികൾ പാലക്കാട് സ്‌റ്റേഷനിലെത്തി. കുഞ്ഞിനെ പോലീസ് ദമ്പതികൾക്ക് കൈമാറി.

