ജാതിവിവേചനം ഒഴിവാക്കി വൈക്കം മഹാദേവ ക്ഷേത്രത്തിൽ വിളക്കെഴുന്നള്ളിപ്പ്

ജാതിവിവേചനം ഒഴിവാക്കി വൈക്കം മഹാദേവ ക്ഷേത്രത്തിലെ വിളക്കെഴുന്നള്ളിപ്പ് ചടങ്ങ് നടന്നു. വ്രതം നോറ്റുവരുന്ന എല്ലാ ഭക്തർക്കും വിളക്കെഴുന്നള്ളിപ്പിൽ അവസരം നൽകാൻ ദേവസ്വം ബോർഡിൻ്റെ നേത്യത്വത്തിലാണ് തീരുമാനം കൈകൊണ്ടത്. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ വേളയിലാണ് മറ്റൊരു ജാതി വിവേചനം കൂടി തുടച്ചുനീക്കിയത്.

12 വർഷത്തിലൊരിക്കൽ വൈക്കം മഹാദേവക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് വടക്കുപുറത്ത് പാട്ട്. ഇതിന്റെ ഭാഗമായി നടന്നുവന്നിരുന്ന വിളക്കെഴുന്നള്ളിപ്പിൽ ഭാഗമാവാൻ മുൻവർഷം വരെ ഓരോ ദിവസവും ഓരോ ജാതി വിഭാഗത്തിനായി നീക്കിവെച്ചിരുന്നു. ഈ വർഷം മുതൽ ആ വിവേചനമാണ് ഒഴിവാക്കിയത്.

വ്രതം നോറ്റുവന്ന ഭക്തർ ജാതിക്ക് അതിതമായി വിളക്കെഴുന്നള്ളിപ്പിൽ പങ്കെടുത്തു. അങ്ങനെ നൂറ്റാണ്ടുകളായി തുടർന്ന് വന്ന വിവേചനമാണ് ഇത്തവണ ഒഴിവായത്. സാമൂഹ്യമാറ്റത്തിന്റെ പുതിയ വിളക്കെടുപ്പായി എഴുന്നള്ളിപ്പ് മാറി. വൈക്കം ക്ഷേത്രത്തിന്റെ വടക്കേ നടയിലെ കൊച്ചാലുംചുവട് സന്നിധിയിൽനിന്നും കൊടുങ്ങല്ലൂർ ഭഗവതിയെ, കുത്തുവിളക്കുമായി സ്ത്രീകൾ ക്ഷേത്രത്തിലേക്കാനയിക്കുന്ന ചടങ്ങാണ് വിളക്കെഴുന്നള്ളിപ്പ്.

