KOYILANDY DIARY.COM

The Perfect News Portal

എമ്പുരാൻ പാർലമെൻ്റിലേക്ക്: രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി എ എ റഹീം എംപി

എമ്പുരാൻ വിഷയം പാർലമെൻ്റിലേക്ക്. സിനിമക്കെതിരെ നടക്കുന്ന സംഘപരിവാർ ആക്രമണം ചൂണ്ടിക്കാട്ടി എ എ റഹീം എംപി രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ചട്ടം 267 പ്രകാരം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യം അടിച്ചമർത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിൽ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാല്‍ കമ്രക്കെതിരെ കേസെടുത്തതടക്കം എ എ റഹീം എംപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം വിവാദങ്ങൾക്കിടെ എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയ്യറ്ററുകളിലെത്തിയേക്കും. തിയ്യറ്ററുകളിലെ ഡൗണ്‍ലോഡ് ബോക്സില്‍ എത്തുന്ന ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്താണ് പ്രദര്‍ശനത്തിന് സജ്ജമാക്കുന്നത്. ഗുജറാത്ത് വംശഹത്യയുള്‍പ്പടെ സംഘപരിവാറിന് അലോസരമുണ്ടാക്കുന്ന 17 രംഗങ്ങള്‍ വെട്ടിമാറ്റിയുള്ള പുതിയ പതിപ്പാണ് തിയേറ്ററുകളിലെത്തുന്നത്.

 

അതിനിടെ എമ്പുരാന്‍ ഇന്നലെ 200 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. റിലീസ് ചെയ്ത് അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് എമ്പുരാൻ്റെ ഈ നേട്ടം. നടന്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് ഇക്കാര്യം അറിയിച്ചത്. സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ ആക്രമണം ശക്തമാക്കിയതോടെയാണ് എമ്പുരാന്‍ റീ എഡിറ്റ് ചെയ്ത് പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും അനുമതി തേടിയത്. അവധി ദിവസമായിട്ടും ഞായറാഴ്ച തന്നെ സെന്‍സര്‍ ബോര്‍ഡ് ഇക്കാര്യം പരിഗണിച്ച് അനുമതി നല്‍കുകയും ചെയ്തു. അതേസമയം മോഹന്‍ലാലിനും പ്രൃഥ്വിരാജിനെതിരെയും നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഫെഫ്ക്ക ഇന്നലെ രംഗത്തെത്തി.

Advertisements
Share news