എമ്പുരാൻ സിനിമ വിവാദത്തിൽ മൗനം തുടർന്ന് സിനിമ സംഘടനകൾ

എമ്പുരാൻ സിനിമ വിവാദത്തിൽ മൗനം തുടർന്ന് സിനിമ സംഘടനകൾ. താര സംഘടനയായ അമ്മയോ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ, ഫെഫ്കയോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘപരിവാർ താരങ്ങൾക്കെതിരെ സൈബർ ആക്രമണം തുടരുമ്പോഴും സംഘടനകൾ മൗനം പാലിക്കുന്നതിൽ വിമർശനം ശക്തം.

ഗുജറാത്ത് കലാപത്തിലെ വസ്തുതകൾ തുറന്നുകാട്ടുന്ന എമ്പുരാൻ സിനിമയ്ക്കും താരങ്ങൾക്കുമെതിരെ വലിയ സൈബർ ആക്രമണമാണ് സംഘപരിവാർ സംഘടനകൾ നടത്തുന്നത്. എന്നാൽ ഇതിൽ പ്രതികരിക്കാനോ നിലപാട് വ്യക്തമാക്കാനോ സിനിമാ സംഘടനകൾ തയ്യാറായിട്ടില്ല. താര സംഘടനയായ അമ്മയും, നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, സാങ്കേതികരുടെ സംഘടനയായ ഫെഫ്കയും വിഷയത്തിൽ മൗനം തുടരുന്നു. മോഹൻലാലിനും പൃഥ്വിരാജിനും അവരുടെ കുടുംബങ്ങൾക്കും എതിരെയും ബിജെപി നേതാക്കൾ ഉൾപ്പെടെ വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നുണ്ട്.

സംഘപരിവാര്‍ ഭീഷണിയെ തുടർന്ന് ഒരു സിനിമ എഡിറ്റ് ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ പോലും സംഘടന നിലപാട് വ്യക്തമാക്കിയിട്ടില്ല. പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ ശബ്ദമായി മാറുന്നുവെന്ന വിദേശ പരാമർശമാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ നടത്തിയത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ അർബൽ നക്സൽ എന്ന് വിളിച്ചാണ് ബിജെപി നേതാവ് വി ഗോപാലകൃഷ്ണൻ അധിക്ഷേപിച്ചത്.

ചരിത്രം പറയുന്ന വസ്തുതകൾ സിനിമയിലൂടെ അവതരിപ്പിച്ചതിന് അതിലെ താരങ്ങൾ വേട്ടയാടുമ്പോൾ സിനിമാ സംഘടനകൾ തുടരുന്ന മൗനത്തിനെതിരെ വലിയ പ്രതിഷേധവും വിമർശനവുമാണ് ഉയർന്നുവരുന്നത്.

