KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷം വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. പള്ളികളിലും ഈദ് ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്കാരം നടക്കും. ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കാനാണ് മതപണ്ഡിതന്മാരുടെ നിർദേശം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു. ആളുകളെ തമ്മിലടിപ്പിക്കുന്നവരെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോര്‍ക്കലുകളിലൂടെ ചെറുക്കണമെന്ന് ഈദ് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.

മുഖ്യമന്ത്രിയുടെ ഈദ് സന്ദേശം:

Advertisements

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയര്‍ത്തിപ്പിടിച്ച ഒരു റംസാന്‍ കാലമാണ് കഴിഞ്ഞുപോയത്. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പര്‍ശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാന്‍. വേര്‍തിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവര്‍ ഈദ് ആഘോഷങ്ങളില്‍ പങ്കുചേരുകയാണ്. പരസ്പര വിശ്വാസത്തിലും സഹോദര്യത്തിലുമൂന്നിയ സാമൂഹിക ബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം.

 

വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോര്‍ക്കലുകളിലൂടെ ചെറുക്കേണ്ടതുണ്ട്. ഈ ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍.

Share news