ഓപ്പറേഷൻ ബ്രഹ്മ: ഭൂകമ്പത്തിൽ തകർന്ന മ്യാന്മറിന് സഹായഹസ്തം നീട്ടി ഇന്ത്യ

ഭൂകമ്പത്തിൽ പെട്ട് വിറങ്ങലിച്ചു നിൽക്കുന്ന മ്യാന്മറിന് സഹായ ഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളുമായി നാല് നാവികസേന കപ്പലുകളും രണ്ട് വിമാനങ്ങളും അയക്കും. മെഡിക്കൽ സംഘം ആഗ്രയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. മൂന്നാമത്തെ എൻഡിആർഎഫ് സംഘവും ഉടൻ പുറപ്പെടും. അതെ സമയം ഭൂകമ്പവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാർക്ക് ആശങ്ക വേണ്ടെന്നും മ്യാന്മറിലുള്ള 16000 ഇന്ത്യക്കാർ സുരക്ഷിതരാണെന്നും കേന്ദ്രം അറിയിച്ചു.

ഓപ്പറേഷന്‍ ബ്രഹ്മ എന്ന പേരില്‍ 40 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് മ്യാൻമറിലേക്ക് ഇന്ത്യ അയക്കുന്നത്. നാവിക സേനയുടെ ഐഎൻഎസ് സത്പുരയും ഐഎൻഎസ് സാവിത്രിയും ആണ് യാങ്കൂണിലേക്ക് പുറപ്പെട്ടത്. ദുരന്ത ഭൂമിയിൽ ഇന്ത്യ താൽക്കാലിക ആശുപത്രി സ്ഥാപിക്കും. 118 അംഗങ്ങൾ ഉൾപ്പെടുന്ന ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സംഘം യാങ്കൂണിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദുരിതാശ്വാസ സാമഗ്രികളും ഉദ്യോഗസ്ഥരും എത്തിക്കുന്നതിനായി വ്യോമസേനയും ദുരന്തമുഖത്തേക്ക് പോകുന്നുണ്ട്. 15 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ വിമാനം ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൺ വ്യോമസേനാ താവളത്തിൽ നിന്ന് പുലർച്ചെ 3 മണിക്ക് പുറപ്പെട്ട് രാവിലെ 8 മണിയോടെ യാങ്കോണിലെത്തി. മ്യാൻമറിലെ ഇന്ത്യൻ അംബാസഡർ അഭയ് താക്കൂർ ടെന്റുകൾ, പുതപ്പുകൾ, ഭക്ഷണ പാക്കറ്റുകൾ, അവശ്യ മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ യാങ്കോണിന്‍റെ മുഖ്യമന്ത്രിക്ക് കൈമാറി. ഒരു അടുത്ത സുഹൃത്തും അയൽക്കാരനും എന്ന നിലയിൽ, ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ മ്യാൻമർ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു.

