കുറുവാ സംഘാംഗത്തെ മധുരയിൽ നിന്നും പിടികൂടി

തിരുവനന്തപുരം: സംസ്ഥാന പോലീസിന് അഭിമാനമായി വീണ്ടും മണ്ണഞ്ചേരി പോലീസ്. കേരളത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപ് സജ്ജമായിരുന്ന കുറുവാ സംഘത്തിലെ അവസാന കണ്ണിയായ കട്ടുപൂച്ചനെ തമിഴ്നാട് മധുരയിൽ നിന്നും പിടികൂടി. മണ്ണഞ്ചേരി ഇൻസ്പെക്ടർ ടോൾസൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പുന്നപ്രയിൽ വീട് കയറി സ്വർണം കവർന്നതും കളരി അഭ്യാസിയായ യുവാവിനെ രാത്രി ആക്രമിക്കുകയും ചെയ്ത പ്രതിയാണ് പിടിയിലായത്.

2012 ൽ മാരാരിക്കുളം സ്റ്റേഷൻ പരിധിയിൽ അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടിൽ കയറി ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഇയാളെ 18 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത് ജയിൽ ഒഴിപ്പിക്കലിൻ്റെ ഭാഗമായി ശിക്ഷയിൽ ഇളവ് നൽകി ഇയാളെ വിട്ടയച്ചിരുന്നു. ഗുരുവായൂരിലും കേരളത്തിൽ മറ്റിടങ്ങളിലും തമിഴ്നാട്ടിലും വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ഇന്ന് മണ്ണഞ്ചേരി സ്റ്റേഷനിൽ എത്തിക്കും.

