ലഹരി വില്‍പ്പന: മലപ്പുറം സ്വദേശിയുടെ വീടും സ്വത്തും കണ്ടുകെട്ടി

കോഴിക്കോട്: ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടിയുടെ ഭാഗമായി മലപ്പുറം സ്വദേശിയുടെ പേരിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടി. മലപ്പുറം പേങ്ങാട് വെമ്പോയിൽ കണ്ണനാരി പറമ്പിൽ സിറാജി (30)ന്റെ പേരിൽ ചെറുകാവിലുള്ള വീടും 4.5 സെന്റ് സ്ഥലവും സ്കൂട്ടറുമാണ് കോഴിക്കോട് ടൗൺ പൊലീസ് കണ്ടുകെട്ടിയത്. ഇയാളുടെയും ഉമ്മയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ആനിഹാൾ റോഡിൽനിന്ന് 778 ഗ്രാം എംഡിഎംഎയുമായി സിറാജ് പിടിയിലായ സംഭവത്തിലാണ് നടപടി.

മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് ഡ്രസ് മെറ്റീരിയലുകൾ കൊണ്ടുവന്ന് വിവിധ കടകളിൽ വിൽക്കുന്നതിന്റെ മറവിലാണ് സിറാജ് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നത്. മാതാപിതാക്കളുടെ പേരിൽ വിവിധ ബാങ്കുകളിൽനിന്നായി എടുത്ത ഭവനവായ്പ ഇയാൾ ചുരുങ്ങിയ കാലയളവിനുള്ളിൽ തിരിച്ചടച്ചിരുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ വലിയതോതിൽ പണം സമ്പാദിച്ചതും വാഹനം വാങ്ങിയതും ആഡംബര ജീവിതം നയിച്ചതും ലഹരി വിൽപ്പനയിൽനിന്നുള്ള വരുമാനം ഉപയോഗിച്ചായിരുന്നു.

കൂടാതെ, പല നിക്ഷേപങ്ങളും പ്രതിയുടെയും ഉമ്മയുടെയും അക്കൗണ്ടുകളിലൂടെയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സ്മഗ്ലേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം സ്വത്തുക്കൾ കണ്ടുകെട്ടുകയായിരുന്നു. പ്രതി നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

