ഓപ്പണ്‍ സ്റ്റാളില്‍ ഷവര്‍മ തയ്യാറാക്കുന്നത് നിരോധിച്ചു

കോഴിക്കോട്: ഫാസ്റ്റ്ഫുഡ് കടകള്‍ക്കും ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും മുന്നില്‍ തട്ടിക്കൂട്ടിയ ഓപ്പണ്‍ സ്റ്റാളില്‍ ഷവര്‍മ തയ്യാറാക്കുന്നത് നിരോധിച്ചു. ഭക്ഷ്യവിഷബാധ പതിവാകുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഏര്‍പ്പെടുത്തിയ പ്രത്യേക അനുമതിയില്ലാത്ത ഷവര്‍മ ഔട്ട്ലറ്റുകള്‍ ഇനി അടച്ചുപൂട്ടും.
കമ്പിയില്‍ കൊരുത്തിട്ട് വേവിച്ച ഇറച്ചി അരിഞ്ഞെടുത്ത് ഷവര്‍മ തയ്യാറാക്കുന്നത് തുറസ്സായ സ്റ്റാളില്‍ പാടില്ലെന്നും ഷവര്‍മ പാര്‍സല്‍ ആയി ഉപഭോക്താക്കള്‍ക്ക് നല്‍കരുതെന്നും ഭക്ഷ്യ സുരക്ഷാവിഭാഗം ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേകാനുമതിക്കായി വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം കഴിഞ്ഞ വര്‍ഷം തന്നെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ജില്ലയിലെ നാനൂറോളം വരുന്ന ഷവര്‍മ സ്റ്റാളുകളില്‍ 126 ഔട്ട്ലറ്റുകള്‍ മാത്രമാണ് ഇതിനായി ബുധനാഴ്ചവരെ അപേക്ഷ സമര്‍പ്പിച്ചത്.

ഹോട്ടല്‍, ബേക്കറി തുടങ്ങിയവയ്ക്ക് ഷവര്‍മ ഉത്പാദനത്തിനും വിപണനത്തിനുമായുള്ള പ്രത്യേക അനുമതിയ്ക്കായി പതിനെട്ടിന വ്യവസ്ഥകള്‍ ഉള്‍പ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പുറത്തിറക്കിയിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ ഷവര്‍മ പാചകം ചെയ്യരുതെന്നും ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന മാംസം ഭക്ഷ്യസുരക്ഷാ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍നിന്ന് ബില്‍സഹിതം വാങ്ങണമെന്നും നിര്‍ദേശമുണ്ട്. ഷവര്‍മ നിര്‍മിക്കുന്ന സ്ഥലം പൊടിയും മാലിന്യവുമേല്‍ക്കാത്ത തരത്തിലുള്ളതാവണം.

മാംസം അന്തരീക്ഷോഷ്മാവില്‍ സൂക്ഷിക്കാതെ മൈനസ് 18 ഡിഗ്രി സെല്‍ഷ്യസില്‍ ഫ്രീസറില്‍ വെക്കണം. സുരക്ഷാകാരണങ്ങളാല്‍ ഷവര്‍മ പാര്‍സലായി നല്‍കാനാവില്ലെന്ന കാര്യം ഉപഭോക്താക്കള്‍ കാണുന്ന തരത്തില്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം. ജീവനക്കാര്‍ വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുകയും പകര്‍ച്ചവ്യാധികളില്ലെന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റെടുക്കുകയും വേണം. കൃത്രിമനിറങ്ങളും മോണോസോഡിയം ഗ്ലൂട്ടാമേറ്റും ഉപയോഗിക്കാന്‍ പാടില്ല. ഷവര്‍മ സ്റ്റിക്കിന്റെ മുകള്‍ഭാഗം മുതല്‍ കീഴ്ഭാഗം വരെ ഒരേ രീതിയില്‍ പാകം ചെയ്യണമെന്നും ഭക്ഷ്യസുരക്ഷാവിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്.

