ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ചത് ഇടതുപക്ഷ സർക്കാരാണ്: മന്ത്രി ആർ ബിന്ദു

ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ചത് ഇടതുപക്ഷ സർക്കാരാണെന്ന് മന്ത്രി ആർ ബിന്ദു. 1000 രൂപയിൽ നിന്ന് ഓണറേറിയം 7000 രൂപയായി ഉയർത്തി രാജ്യത്തെ ഏറ്റവും ഉയർന്ന വേതനമാക്കിയത് ഇടതു സർക്കാരാണെന്നും. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

കേന്ദ്ര മന്ത്രി സമരവേദിയിലെത്തിയപ്പോൾ സമരക്കാർ പാടിയത് ‘മണി മുറ്റത്താവണി പന്തൽ’ എന്ന പാട്ടാണ്. ആശമാരുടെ ആവശ്യങ്ങൾ കേന്ദ്രത്തോട് പറയുകയാണ് വേണ്ടത്. കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നും മന്ത്രി പറഞ്ഞു. പാട്ടു പാടിയവർക്ക് കേന്ദ്ര സർക്കാരിനോട് പറയാൻ ഒന്നും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാലിക്കറ്റ് സർവകലാശാലയിലെ ഗവർണറുടെ പ്രസംഗത്തെ പറ്റി ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ വിവാദങ്ങൾക്ക് പുറകെ പോകുകയാണ്. നല്ല വാർത്തകൾ കൊടുക്കാൻ മാധ്യമങ്ങൾ ശ്രമിക്കണമെന്ന് മന്ത്രി ഉപദേശിക്കുകയും ചെയ്തു.

കൂടാതെ യു ജി സി യുടെ നമ്പർ 1 കാറ്റഗറിയിൽ മഹാത്മാഗാന്ധി സർവകലാശാലയെ ഉൾപ്പെടുത്തി അറിയിപ്പ് എത്തിയെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു. ഇതോടെ സർവകലാശാലയ്ക്ക് കൂടുതൽ സ്വതന്ത്രമായ ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാമെന്നും മന്ത്രി അറിയിച്ചു.

