അന്തർ സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതിക്കെതിരെ PIT NDPS നിയമ പ്രകാരം തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചു

കോഴിക്കോട്: അന്തർ സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതിക്കെതിരെ PIT NDPS നിയമ പ്രകാരം തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചു. താമരശ്ശേരി കക്കാട് സ്വദേശിയായ ആലിപ്പറമ്പിൽ വീട്ടിൽ അഷ്കർ (29) നെയാണ് Narcotic Drugs and Psychotropic Substance നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരെ പൊലീസ് ശക്തമായ നടപടികൾ തുടരുന്നു.

2024 ആഗസ്ത് മാസം വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ച് ലോഡുമായി വന്ന ലോറിയുടെ ക്യാബിനകത്തുള്ള സ്പീക്കറിൽനിന്ന് 1.198 കിലോഗ്രാം മാരകമയക്കുമരുന്നായ MDMA പിടിച്ച കേസ്സിലും, പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ പാർവതിപുരത്തുള്ള പ്രതിയുടെ സുഹൃത്തായ സഞ്ജിത്ത് അലിയുടെ വീട്ടിൽ നിന്നും 12.76 ഗ്രാം MDMAയും, തൂക്കാനുപയോഗിക്കുന്ന ചെറിയ ഇലക്ട്രോനിക്സ് ത്രാസും, MDMA വിൽപനയിലൂടെ സമ്പാദിച്ച 6,02,500/- രൂപയും കണ്ടെടുത്ത കേസ്സിലെ രണ്ടാം പ്രതിയുമാണ് അഷ്കർ.

പ്രതി ബാംഗ്ലൂരിൽ നിന്നും റോഡ് മാർഗ്ഗം MDMA മൊത്തമായി കൊണ്ടുവന്ന് വയനാട് കോഴിക്കോട് ജില്ലകളിലെ സ്കൂൾ, കോളജ് വിദ്യാർത്ഥികളെയും യുവതി യുവാക്കളെയും, അന്യസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിൽപ്പന നടത്തുകയായിരുന്നു. ബത്തേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി കണ്ണൂർ സ്പെഷ്യൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശയിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

അതുപ്രകാരം പ്രതിയെ കണ്ണൂർ സ്പെഷ്യൽ ജയിലിൽ നിന്നും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. കോഴിക്കോട് സിറ്റിയിൽ നിന്നും തടങ്കലിൽ പാർപ്പിക്കുന്ന ‘4-ാ മത്തെ ആളാണ് അഷ്കർ. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന വാഹനം, ഇവർ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും പോലീസ് സ്വീകരിച്ചുവരുന്നുണ്ട്.
നിലവിൽ ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്യാറുണ്ട് ഇതിന് പുറമെയാണ് സ്വത്തുവകകൾ കണ്ടു കെട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടുത്ത് സംഘങ്ങളുടെയും അവരെ ബന്ധുക്കളുടെയും അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട് അവരെ സഹായിക്കുന്നവരെയും അടക്കം നിയമം കൊണ്ട് പൂട്ടാനാണ് പോലീസിൻെറ നീക്കം.
ജില്ലയിലേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് കോഴിക്കോട് ജില്ലാ പോലീസ് സ്വീകരിക്കുന്നത്. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മയക്കുമരുന്ന് കച്ചവടത്തിലെ മുഴുവൻ ആളുകളെയും പിടികൂടുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് നാർക്കോട്ടിക് സെൽ അസി. പോലീസ് കമ്മീഷണർ കെ. എ. ബോസ് അറിയിച്ചു.
