കേരള ശ്രീ പുരസ്‌കാരം സ്വീകരിക്കാനെത്തിയ ഷൈജാ ബേബിയെ ചേർത്ത് പിടിച്ച് ആരോഗ്യമന്ത്രി

സാമൂഹ്യ സേവനത്തിനുള്ള കേരള ശ്രീ പുരസ്‌കാരം സ്വീകരിക്കാനെത്തിയ ഷൈജാ ബേബിയെ ചേർത്ത് പിടിച്ച് ആരോഗ്യമന്ത്രി. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഷൈജ ബേബി മന്ത്രിയെ നേരിട്ട് കണ്ടത്. ആപത്ത് സമയത്ത് എല്ലാ പിന്തുണയും നൽകിയതിന് മന്ത്രിയെ നന്ദി അറിയിച്ചു. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ മന്ത്രി വീണാ ജോർജ് മേപ്പാടിയിലെത്തി ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെയും വീടുമൊക്കെ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകരെയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരെയും സന്ദർശിച്ചപ്പോൾ ഷൈജയെ വീട്ടിലെത്തി കണ്ടിരുന്നു. ഷൈജാ ബേബിയെ കണ്ടതിനെ കുറിച്ച് വീണ ജോർജ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു.

വീണ ജോർജിന്റെ പോസ്റ്റിന്റെ പൂർണ രൂപം

മൂന്ന് മാസങ്ങള്‍ക്ക് ശേഷം വീണ്ടും പ്രിയപ്പെട്ട ഷൈജാ ബേബിയെ കണ്ടു. നിയമസഭയിലെ ചേമ്പറിലേക്ക് ഷൈജ ഇന്ന് എത്തി. ഡിസംബര്‍ 25ന് ക്രിസ്തുമസ് ദിനത്തില്‍ മേപ്പാടിയിലെത്തി ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെയും വീടുമൊക്കെ നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകരെയും സന്ദര്‍ശിച്ചപ്പോള്‍ ഷൈജയെ വീട്ടിലെത്തി കണ്ടിരുന്നു. ഷൈജയെ അതിനുമുമ്പ് കാണുന്നത് മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഷൈജ തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്. നൂറിലധികം പേരെയാണ് ഷൈജ അന്ന് തിരിച്ചറിഞ്ഞത്. മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്ര പരിധിയില്‍ 16 വര്‍ഷമായി ആശാപ്രവര്‍ത്തകയായി പ്രവര്‍ത്തിക്കുന്ന ഷൈജ ഇപ്പോഴും ആ ദുരിതത്തിന്റെ നടുക്കത്തില്‍ നിന്നും വേദനയില്‍ നിന്നും മോചിതയായിട്ടില്ല. ഷൈജയുടെ മികച്ച സേവനങ്ങള്‍ക്ക് കേരളശ്രീ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നു. ഇന്ന് അത് ഏറ്റുവാങ്ങുന്നതിന് മകനും സഹോദരനും ഒപ്പമാണ് ഷൈജ ബേബി എത്തിയത്.

