ഇടുക്കി ഗ്രാമ്പിയില്‍ ദൗത്യ സംഘം മയക്കുവെടി വെച്ച് വലയിലാക്കിയ കടുവ ചത്തു

ഇടുക്കി ഗ്രാമ്പിയില്‍ ദൗത്യ സംഘം മയക്കുവെടി വെച്ച് വലയിലാക്കിയ കടുവ ചത്തു. വെടിയേറ്റ കടുവ ദൗത്യ സംഘത്തിന് നേരെ ചാടി ആക്രമിക്കാന്‍ ശ്രമിച്ചതോടെ വീണ്ടും വെടിയുതിര്‍ത്തിരുന്നു. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ഷീല്‍ഡ് ഉപയോഗിച്ച് അത് തടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് പൊട്ടിപോകുന്ന അവസ്ഥയുണ്ടായി. പിന്നാലെ തലയ്ക്ക് നേരെയായി കടുവയുടെ ആക്രമണം. ഹെല്‍മറ്റിനും കേടുപാട് സംഭവിച്ചതായി ദൗത്യ സംഘം പറയുന്നു.

കാലില്‍ കമ്പി കുടുങ്ങി പരുക്കേറ്റ കടുവ ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു. പശു, ആടുകള്‍, നായ്ക്കള്‍ എന്നിവയെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തതോടെ പ്രദേശവാസികള്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മയക്കുവെടി വെച്ച് വലയിലാക്കിയ കടുവയെ തേക്കടിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. മുമ്പ് തന്നെ അവശനിലയിലായിരുന്ന കടുവ പിന്നീട് ചാവുകയായിരുന്നു. പതിനഞ്ച് മീറ്റര്‍ അടുത്ത് നിന്നാണ് ദൗത്യ സംഘം കടുവയെ നേരിട്ടത്.

