KOYILANDY DIARY.COM

The Perfect News Portal

സുനിത വില്യംസിന്റെയും, ബുച്ച് വിൽമോറിന്റെയും മടക്കയാത്രയുടെ സമയം പുറത്തുവിട്ട് നാസ

ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും, ബുച്ച് വിൽമോറിന്റെയും മടക്കയാത്രയുടെ സമയം പുറത്തുവിട്ട് നാസ. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 8.15 ന് ആകും മടക്കയാത്ര ആരംഭിക്കുക. ബുധനാഴ്ച പുലർച്ചെ 3.27ന് യാത്രികർ ഫ്ലോറിഡ തീരത്ത് സ്പ്ലാഷ് ഡൌൺ ചെയ്യും.

സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകളെ തുടർന്ന് ഒൻപത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ബുധനാഴ്ച ഭൂമിയിലേക്ക് മടങ്ങിയെത്തും. നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനേവ് എന്നീ യാത്രികരും മടങ്ങും. ഫ്ലോറിഡയുടെ തീരത്തിന് സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലാകും യാത്രികരെ വഹിച്ചുകൊണ്ടുള്ള പേടകം സ്പ്ലാഷ് ഡൌൺ ചെയ്യുക.

 

എന്നാൽ കാലാവസ്ഥ അനുകൂലമായാൽ മാത്രമേ മടക്കയാത്രയുടെ കൃത്യമായ സമയം പാലിക്കാനാകൂ. നിലവിൽ ഹാൻഡ് ഓവർ ഡ്യൂട്ടികൾ പുരോഗമിക്കുകയാണെന്നും ഇത് പൂർത്തിയായാൽ ഭൂമിയിലേക്കുള്ള യാത്ര ആരംഭിക്കുമെന്നും നാസ അറിയിച്ചു. സുനിതയുടേയും സംഘത്തിന്റെയും മടക്കയാത്ര ലൈവ് സംപ്രേക്ഷണം ചെയ്യുമെന്നും നാസ അറിയിച്ചു. സുനിത വില്യംസും, ബുച്ച് വിൽമോറും യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന് നന്ദി പറയുന്ന വിഡിയോ ഇലോൺ മസ്ക് പങ്കുവെച്ചു.

Advertisements

 

യാത്രികരെ തിരിച്ചെത്തിക്കുന്നതിന് മുന്നോടിയായി ഇന്നലെ ക്രൂ -10 ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ എത്തിയിരുന്നു. അത്ഭുത നിമിഷമെന്നാണ് പുതിയ യാത്രികരെ സ്വീകരിച്ച് സുനിത വില്യംസ് പറഞ്ഞത്. പേടകത്തിൽ എത്തിയ നാലംഗ സംഘം ആറ് മാസം ബഹിരാകാശ നിലയത്തിൽ തുടരും.

Share news