KOYILANDY DIARY.COM

The Perfect News Portal

സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണം: മുഖ്യമന്ത്രി

കണ്ണൂര്‍: ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തില്‍ ധാരണ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഇതേ ആവശ്യമാണ് ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി നേതൃത്വം അക്രമങ്ങളെ തള്ളിപ്പറയണം. ഒരു പ്രദേശത്ത് സംഘര്‍ഷമോ കൊലപാതകമോ ഉണ്ടായാല്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആ പ്രദേശത്തേക്ക് സര്‍വകക്ഷി സംഘം എത്തും.

നേരത്തെ ജില്ലാ കളക്ടറുടെയും മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ ബാലന്‍ എന്നിവരുടെ നേതൃത്വത്തിലും യോഗങ്ങള്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ കാലങ്ങളിലെ സമാധാന യോഗ തീരുമാനം നടപ്പിലാകുന്ന സ്ഥിതി ഉണ്ടായില്ല. എന്നാല്‍, പൂര്‍ണ ഫലപ്രാപ്തിയാണ് ഉദ്ദേശിക്കുന്നത്. ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായാല്‍ പൊലീസ് കര്‍ശന നിലപാട് സ്വീകരിക്കണം. പ്രതികളെ അറസ്റ്റുചെയ്യാന്‍ പൊലീസ് എത്തുമ്ബോള്‍ ബാഹ്യപ്രേരണയ്ക്ക് വഴങ്ങി തിരിച്ചുവരുന്നത് അവസാനിപ്പിക്കും. ഈ ഘട്ടത്തില്‍ പൊലീസ്, പൊലീസ് ആവുമെന്നും പിണറായി പറഞ്ഞു. പ്രതികളെ കുറിച്ച്‌ അക്രമത്തിന് ഇരയായവരോ മറ്റുള്ളവരോ ആദ്യംതന്നെ വെളിപ്പെടുത്താറുണ്ട്. എന്നാല്‍, കൃത്യമായ അന്വേഷണം നടത്തി മാത്രമേ പ്രതികളെ തീരുമാനിക്കാവൂ. അറസ്റ്റുചെയ്ത ആളുകളെ നേതാക്കള്‍ സ്റ്റേഷനിലെത്തി ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും ഇറക്കിക്കൊണ്ടുപോകുന്നത് അനുവദിക്കില്ല.
ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കണം. ഒറ്രപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച്‌ ആയുധനിര്‍മ്മാണം നടത്തുന്നുണ്ട്. ഇത് ഏതെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ ആയിരിക്കില്ല. നിരവധി ആയുധങ്ങളാണ് കഴിഞ്ഞകാലങ്ങളില്‍ പൊലീസ് പിടിച്ചെടുത്തത്. മറഞ്ഞിരിക്കുന്ന ആയുധങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ ശ്രമം വേണം. പൊതുജനങ്ങളുടെ സഹായത്തോടെ ആയുധങ്ങള്‍ കണ്ടെത്തും. ആരാധനാലയങ്ങള്‍ എല്ലാ വിഭാഗവും പവിത്രമായി കാണുന്ന ഇടമാണ്. ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ഇല്ലാതാക്കണം. വീടുകള്‍, വാഹനങ്ങള്‍, കടകള്‍ എന്നിവയ്ക്ക് നേരെയാണ് അടുത്തകാലത്തായി അക്രമങ്ങള്‍ നടന്നത്. ഇത് മേലില്‍ ഉണ്ടാവരുതെന്ന് രാഷ്ട്രീയ നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്കണം. ഉത്സവകാലമായതിനാല്‍ പക തീര്‍ക്കുന്നതിന് ക്ഷേത്രങ്ങളും ഉത്സവ സ്ഥലങ്ങളും ഉപയോഗപ്പെടുത്താറുണ്ട്. ഇത് നിയന്ത്രിക്കാനും പൊലീസിനും രാഷ്ട്രീയ നേതൃത്വത്തിനും സാധിക്കണം. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ്‌ അലി, ജില്ലാ പൊലീസ് മേധാവി ശിവ വിക്രം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

യോഗത്തില്‍ പി.കെ ശ്രീമതി എം.പി, എം.എല്‍.എമാരായ ഇ.പി ജയരാജന്‍, കെ.സി ജോസഫ്, അഡ്വ. സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പി. ജയരാജന്‍, കെ.പി സഹദേവന്‍, ആര്‍.എസ്.എസ് നേതാക്കളായ പ്രാന്തകാര്യവാഹക് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി, വി. ശശിധരന്‍, ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്ണദാസ്, കെ. രഞ്ജിത്ത്, പി. സത്യപ്രകാശന്‍, കെ. പ്രമോദ്, കോണ്‍ഗ്രസ് നേതാക്കളായ സതീശന്‍ പാച്ചേനി, മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്ലിംലീഗ് നേതാക്കളായ എ.പി. അബ്ദുള്‍ഖാദര്‍ മൗലവി, പി. കുഞ്ഞിമുഹമ്മദ്, സി.പി.ഐ നേതാക്കളായ സി.പി മുരളി, സി. രവീന്ദ്രന്‍, മറ്റു കക്ഷി നേതാക്കളായ ഇ.പി.ആര്‍ വേശാല, ഉണ്ണിക്കൃഷ്ണന്‍, സി.വി ശശിധരന്‍, സി.കെ നാരായണന്‍, പി.പി പ്രശാന്ത്, ഇംത്യാസ്, വി.കെ കുഞ്ഞികൃഷ്ണന്‍, ജബ്ബാര്‍, ഇല്ലിക്കല്‍ അഗസ്തി, രാജേഷ് പ്രേം, കെ.കെ രാമചന്ദ്രന്‍, പി.പി ദിവാകരന്‍, ജോസ് ചെമ്പേ
രി തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *