KOYILANDY DIARY.COM

The Perfect News Portal

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥന് ജാമ്യം

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥന് ജാമ്യം. നാല്‍പതിയഞ്ച് ഗ്രാം മാത്രം ഉള്ളതിനാലാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. രഞ്ജിത്ത് ഗോപിനാഥ് മൂന്നുവര്‍ഷമായി കഞ്ചാവ് ഉപയോഗിക്കുന്നു. കൊച്ചി സ്വദേശിയില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വാങ്ങിയത്. ലഹരി ഉപയോഗത്തില്‍ സിനിമ മേഖലയില്‍ പ്രത്യേക നീരിക്ഷണം ഏര്‍പ്പെടുത്താനാണ് എക്‌സൈസ് നീക്കം.

ആര്‍ജി വയനാട് എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥന്‍ വീര്യം കൂടിയ കഞ്ചാവുമായി പൊലീസ് പിടിയിലാവുകയായിരുന്നു. വാഗമണ്‍ കേന്ദ്രീകരിച്ച് സിനിമ ലൊക്കേഷനുകളില്‍ വ്യാപകമായി ലഹരി ഇടപാടുകള്‍ നടക്കുന്നുവെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞാര്‍ വാഗമണ്‍ റോഡില്‍ വാഹന പരിശോധന നടത്തി. വാഗണില്‍ ചിത്രീകരണം നടക്കുന്ന അട്ടഹാസം എന്ന സിനിമാ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് രഞ്ജിത്തിനെ എക്സൈസ് പിടികൂടുന്നത്.

 

കാറിന്റെ ഡിക്കിയില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന 45 ഗ്രാം വീര്യം കൂടിയ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. രഞ്ജിത്തിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ തണ്ടും വിത്തുകളും കണ്ടെത്തി. പനമ്പള്ളി നഗറിലെ മേക്കപ്പ് സ്റ്റുഡിയോയിലും എക്സൈസ് പരിശോധന നടത്തി. കിലോയ്ക്ക് ഒരു കോടിയിലധികം വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് രഞ്ജിത്തിന് നല്‍കിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആവേശം, രോമാഞ്ചം, ജാനേമാന്‍, തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജിത്ത് മേക്കപ്പ് മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisements
Share news