പുസ്‌തക പ്രകാശനത്തിന് വേദിയായി കോഴിക്കോട് ജില്ലാ ജയിൽ

കോഴിക്കോട്: പുസ്‌തക പ്രകാശനത്തിന് വേദിയായി കോഴിക്കോട് ജില്ലാ ജയിൽ. ഡെപ്യൂട്ടി പ്രിസൺ ഓഫീസറും എഴുത്തുകാരനുമായ ഷൈജു നീലകണ്ഠന്റെ മൂന്നാമത്തെ പുസ്‌തകമായ ‘സിയന’ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനത്തിനാണ് ജയിൽ ഓഡിറ്റോറിയം വേദിയായത്. എഴുത്തുകാരൻ ഭാനുപ്രകാശ് പുസ്‌തകം പ്രകാശിപ്പിച്ചു. ഉത്തരമേഖലാ ജയിൽ ഡിഐജി ബി സുനിൽ കുമാർ ആദ്യപതിപ്പ് ഏറ്റുവാങ്ങി. കേരളാ ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിന് അന്തേവാസികളും സാക്ഷികളായി.

പത്ത് കഥകളടങ്ങിയ ചെറുകഥാ സമാഹാരം പുറത്തിറക്കിയത് പ്രവ്ദാ ബുക്സാണ്. ജില്ലാ ജയിൽ സൂപ്രണ്ട് കെ വി ബൈജു അധ്യക്ഷനായി. എഴുത്തുകാരി ശ്രീകലാ മേനോൻ പുസ്തകം പരിചയപ്പെടുത്തി. റീജണൽ വെൽഫെയർ ഓഫീസർ ശിവപ്രസാദ്, കെ കെ സുരേഷ്ബാബു, പി സിനില, കെ ഗംഗാധരൻ, അജിത്ത് കുമാർ പൊന്നേംപറമ്പത്ത്, കെ ചിത്രൻ, സി പി റിനേഷ് എന്നിവർ സംസാരിച്ചു. വി വി പ്രജിത്ത് സ്വാഗതവും സുബിൻലാൽ നന്ദിയും പറഞ്ഞു.

