അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഭർത്താവ് നോബിയെ ആണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായശേഷം ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

നോബിയുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ എന്നാണ് പരാതി. ഏറ്റുമാനൂർ 101 കവല വടകര വീട്ടിൽ ഷൈനി (43), അലീന (11), ഇവാന (10) എന്നിവരാണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഫെബ്രുവരി 28ന് പുലർച്ചെ 5.20നായിരുന്നു സംഭവം. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ഷൈനി ഭർത്താവ് തൊടുപുഴ സ്വദേശി നോബി ലൂക്കോസുമായി പിണങ്ങി സ്വന്തം വീട്ടിൽ വന്ന് കഴിയുകയായിരുന്നു.

കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവങ്ങളുണ്ടായത്. കഴിഞ്ഞ 9 മാസമായി ഷൈനി പാറോലിക്കലിലെ വീട്ടിൽ ആണ് കഴിയുന്നത്. രാവിലെ പള്ളിയിൽ പോകാനെന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നാലെയാണ് റെയിൽ ട്രാക്കിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അടക്കം ഇടപ്പെട്ടിരുന്നു.

