KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീല്‍ചെയര്‍ എത്തിച്ച് മമ്മൂട്ടി

നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നൂതന സംരംഭമായ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങള്‍ക്കുള്ള വീല്‍ചെയര്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലെ തപോവനം കെയര്‍ ഹോംമില്‍ നടന്നു.

സുല്‍ത്താന്‍ ബത്തേരി രൂപത ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് ആതുര സ്ഥാപനങ്ങള്‍ക്കുള്ള വീല്‍ചെയറുകളുടെ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഷജ്‌ന കരീം, ശാന്തിഗിരി ആശ്രമ മേധാവി ബ്രഹ്‌മശ്രീ സ്‌നേഹത്മ ജ്ഞാനതപസ്സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെ ബഹുമുഖപ്രവര്‍ത്തനങ്ങളെ ബിഷപ്പ് പ്രകീര്‍ത്തിച്ചു. മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളായ കുട്ടികള്‍ക്കായുള്ള ഹൃദയ ശാസ്ത്രക്രിയ പദ്ധതി, വൃക്കമാറ്റിവെക്കല്‍ പദ്ധതി, ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപിച്ചുക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെയുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയ അനുകമ്പാപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ കേരളസമൂഹത്തിന് ഏറെ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Advertisements

 

കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറെസ്റ്റ് ഷജ്‌ന കരീം മുഖ്യപ്രഭാഷണം നടത്തി. സുല്‍ത്താന്‍ ബത്തേരി ശാന്തിഗിരി മഠത്തിപതി ബ്രഹ്‌മശ്രീ സ്‌നേഹത്മ ജ്ഞാനതപസ്സി സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ഓര്‍ഫനേജ് അസോസിയേഷന്‍ വയനാട് ജില്ലാ അധ്യക്ഷന്‍ ജോണി പള്ളിതാഴത്ത്, ഓര്‍ഫനേജ് അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറി വിന്‍സെന്റ് ജോണ്‍, ഫാ. വിന്‍സെന്റ് പുതുശ്ശേരി, തപോവനം ബോര്‍ഡ് മെമ്പര്‍ വി പി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തെരഞ്ഞെടുക്കപ്പെട്ട ആതുര സ്ഥാപനങ്ങള്‍ക്കുള്ള വീല്‍ചെയറുകള്‍ സ്ഥാപന മേധാവികള്‍ ബിഷപ്പില്‍നിന്നു ഏറ്റുവാങ്ങി.

Share news