സിനിമയിലെ ലഹരി ഉപയോഗത്തിലും വയലൻസിലും സെൻസർ ബോർഡിനെതിരെ നടി രഞ്ജിനി

കൊച്ചി: സിനിമയിലെ ലഹരി ഉപയോഗത്തിലും വയലൻസിലും സെൻസർ ബോർഡിനെതിരെ നടി രഞ്ജിനി. മലയാള സിനിമ കൊറിയൻ സിനിമകളുടെ പാത പിന്തുരുകയാണ്. മാർക്കോ, ആർഡിഎക്സ് സിനിമകൾക്ക് സെൻസർ ബോർഡ് എങ്ങനെ അംഗീകാരം നൽകിയെന്ന് രഞ്ജിനി ചോദിച്ചു.

ഇത്തരം പടങ്ങൾ പുറത്തുവന്നതിൽ അത്ഭുതം തോന്നി. സെൻസർ ബോർഡ് ഉറങ്ങുകയാണോ എന്ന് സംശയമുണ്ട്. സെക്സിനെ സംബന്ധിച്ച് മാത്രമുള്ളതല്ല സെൻസർ ബോർഡെന്നും അവർ പറഞ്ഞു. ഞങ്ങളുടെ സമയങ്ങളിൽ സെൻസർ ബോർഡ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു. ഓരോ സീൻ സംബന്ധിച്ച് പറയുമ്പോൾ ഡയറക്ടർ തന്നെ അതിനോട് യോജിക്കും. കേരളത്തിന് മാത്രമായി ഒരു സെൻസർ ബോർഡ് ഉണ്ടാക്കാൻ സാധിക്കും. സർക്കാർ അത് ചെയ്യുമെന്ന് വിശ്വസിക്കുന്നു.

ഒരുപാട് യുവാക്കൾ കൊലപാതകം ചെയ്യുന്നു. സിനിമയിൽ ഇത്രമാത്രം അക്രമം കാണിക്കണോ. കുറ്റം പറയുകയല്ല, ആർഡിഎക്സ് എന്ന ടെെറ്റിൽ തന്നെ എങ്ങനെ സെൻസർ ബോർഡ് അംഗീകരിച്ചു. സിനിമയിലെ ഒരാളെ ലഹരി കേസിൽ പിടിച്ച് പിന്നീട് വെറുതെ വിടുകയായിരുന്നു. എല്ലാവരും നിയമത്തിന് മുന്നിൽ ഒന്നാണെന്നും രഞ്ജനി വ്യക്തമാക്കി.

